ആലുവ: ദേശീയപാതയിൽ അമ്പാട്ടുകാവിന് സമീപം പെട്രോൾ പമ്പ് കുത്തിത്തുറന്ന് 3.40 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിലെ പമ്പിലും ഇതേരാത്രിയിൽ കവർച്ച നടന്നിരുന്നു. അവിടെനിന്നും 5,000 രൂപയും മൊബൈൽഫോണുമാണ് നഷ്ടമായത്. ഒരേസംഘമാണോ രണ്ട് കവർച്ചക്ക് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അമ്പാട്ടുകാവിലെ പമ്പിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് സൂചന ലഭിച്ചത്. ടീ ഷർട്ടും ജീൻസും മാസ്കുമിട്ട രണ്ട് യുവാക്കളാണ് മോഷണദൃശ്യത്തിലുള്ളത്. വെള്ളിയാഴ്ച്ച പുലർച്ചെ 3.15ന് ഓഫീസ് കുത്തിതുറന്ന് അകത്ത് കടന്ന പ്രതികൾ 3.50ന് പുറത്തിറങ്ങുന്നതും ദൃശ്യത്തിലുണ്ട്. സമീപത്തെ കടകളിലും ദേശീയപാതയിലും സ്ഥാപിച്ചിട്ടുള്ള കാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഓഫീസിന്റെ വാതിലും അലമാരയും കുത്തിത്തുറന്നായിരുന്നു കവർച്ച.