tharoor

കൊച്ചി: വീട്ടിലിരുന്നും ജോലി ചെയ്യാമെന്ന തിരിച്ചറിവ് അനാവശ്യമായ നഗരവത്കരണത്തിന്റെ വളർച്ചയ്ക്ക് തടയിടുമെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു. അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോൺഡ് സ്‌ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിൽ ആഗോള പാർപ്പിട ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

30 -35 ശതമാനമെന്ന നിരക്കിൽ നിന്ന് ഇന്ത്യയിലെ നഗരവൽക്കരണത്തിന്റെ വളർച്ച 2030 ൽ 40 ആകുമെന്ന് പ്രതീക്ഷിച്ച പശ്ചാത്തലത്തിലാണ് കൊവിഡ് വന്നത്. കൊവിഡ് ഭീഷണി ഒഴിഞ്ഞാലും വർക്ക് ഫ്രം ഹോം തുടരും. അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്താക്കളുടെ ജോലികൾ ബംഗളൂരുവിലും ഹൈദരാബാദിലും മാത്രമല്ല, നാട്ടിൻപുറങ്ങളിലെ വീടുകളിലിരുന്നും ചെയ്യാം. നഗരങ്ങളിലെ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ ലഭ്യമാക്കുകയാണ് വേണ്ടതെന്ന മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ കാഴ്ചപ്പാട് പ്രസക്തമാണ്. മികച്ച ബ്രോഡ്ബാൻഡും ഇടതടവില്ലാത്ത വൈദ്യുതി ലഭ്യതയും നാട്ടിൻപുറങ്ങളിൽ ലഭ്യമാക്കിയാൽ അനാവശ്യമായ നഗരവത്കരണം ഒഴിവാക്കാനാവും.

കൊവിഡിനു ശേഷമുള്ള തിരിച്ചുവരവിൽ താങ്ങാവുന്ന വിലകളിൽ പാർപ്പിടങ്ങൾ ലഭ്യമാക്കുക, പൊതുജീവിതത്തിനുള്ള തുറന്ന സ്ഥലങ്ങൾ ലഭ്യമാക്കുക, മലിനീകരണം നിയന്ത്രിക്കുക, ശാസ്ത്രീയമായ മാലിന്യസംസ്‌കരണം എന്നിവ ഇക്കാര്യത്തിൽ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽകുമാർ വി പ്രസംഗിച്ചു. വർഷം തോറും ലോകപരിസ്ഥിതി, ജല, പാർപ്പിടദിനങ്ങളിലാണ് ബിയോൺഡ് ദി സ്‌ക്വയർഫീറ്റ് പ്രഭാഷണപരമ്പര സംഘടിക്കുന്നത്.