തോപ്പുംപടി: ബി.ഒ.ടി പാലം ഇറങ്ങി വലത്തോട്ട് തിരിഞ്ഞാൽ രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള വാക്ക് വേയിലെത്താം. പ്രഭാതസവാരിക്കായി ഇവിടെ ദിനംപ്രതി നൂറ് കണക്കിനാളുകളാണ് എത്തുന്നത്. കായലിനോട് ചേർന്നുള്ള ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, മധ്യഭാഗത്ത് മഴവിൽ പാലം, നിറയെ അലങ്കാര ചെടികൾ, മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന കോഫി ഷോപ്പുകൾ തുറമുഖ ട്രസ്റ്റ് അധികാരികൾ ഒഴിവാക്കി.ഇനി കോഫി ഷോപ്പുകൾ തുറമുഖ ട്രസ്റ്റ് നിർമ്മിച്ച് വാടകക്ക് നൽകും.ഇതിനായി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ ഇവിടെ കുടുംബമായി എത്തി അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാം. ആറരകോടി രൂപ മുടക്കിയാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇവിടെ നവീകരണം നടത്തിയത്.
മുൻ എം.പി.കെ.വി.തോമസ് മുൻകൈയെടുത്താണ് ഇവിടെ വാക്ക് വേ നിർമ്മാണം തുടങ്ങിവെച്ചത്. സമീപത്തെ കൂറ്റൻ ചില്ല് ഫ്ളാറ്റിലുള്ളവർക്കും മറ്റുള്ളവർക്കും പ്രഭാതസവാരിയാണ് മുഖ്യ ലക്ഷ്യം. പ്രഭാതസവാരിക്കാരുടെ വാക്ക് വേ ഫോറം എന്ന പേരിൽ ഒരു സംഘടന തന്നെ ഇവിടെ രൂപീകരിച്ചിട്ടുണ്ട്.
തോപ്പുംപടിയിൽ നിന്നും തുടങ്ങുന്ന വാക്ക്‌വേ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിലാണ് സമാപിക്കുന്നത്. നിരീക്ഷണ കാമറകളുടെ അഭാവമാണ് ഇവിടുത്തെ ഏക കുറവ്.
ലോഡിംഗ് തൊഴിലാളികളുടെ പൂൾ കേന്ദ്രം ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് പ്രഭാതസവാരിക്കാർ ആവശ്യമുന്നയിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് നടപ്പുകാർ വാക്ക് വേയിൽ പെരുമാറുന്നത്.