കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്ത് പരിധിയിലെ പെരിയാറിൽ നിന്നും മണൽവാരൽ വ്യാപകമായതായി യു.ഡി.എഫ് ആരോപിച്ചു. നിയമപരമായി ചെളിയും മണലും നീക്കം ചെയ്യാൻ കരുമാല്ലൂർ പഞ്ചായത്തിനാണ് അധികാരം. പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും സർക്കാർ അനുമതി നിഷേധിച്ചു. ഇപ്പോൾ ചെളിയും എക്കലും നീക്കം ചെയ്യാനെന്ന പേരിൽ മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് വഴി സ്വകാര്യ വ്യക്തിക്ക് മണൽ കടത്തികൊണ്ട് പോകാനുള്ള അനുമതി നൽകിയത്. യന്ത്രങ്ങളുൾപ്പെടെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ മണലാണ് ഇത്തരത്തിൽ അനധികൃതമായി മാഫിയകൾ കോരിയെടുത്ത് കടത്തുന്നത്. മണൽ മാഫിയകളെ പുറത്തു കൊണ്ടുവരാൻ വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കരുമാലൂർ മണ്ഡലം ചെയർമാൻ എ.എം. അലിയും കൺവീനർ വി.എം. മുഹമ്മദ് അഷറഫും ആവശ്യപ്പെട്ടു.