കൂത്താട്ടുകുളം: ഇലഞ്ഞിയിലെ പച്ചക്കറി പഴം സംസ്‌കരണ യൂണിറ്റിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് അനൂപ് ജേക്കബ് എം.എൽ.എ നിവേദനം നൽകി. കഴിഞ്ഞ ഒരു വർഷമായി സാങ്കേതികകാരണങ്ങളാൽ ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ സ്തംഭിച്ച അവസ്ഥയിലാണ്.അനൂപ് ജേക്കബ് എം.എൽ.എ മന്ത്രിയായിരുന്ന സമയത്ത് പിറവം നിയോജകമണ്ഡലത്തിൽ കൊണ്ടുവന്ന സപ്ലൈകോയുടെ രണ്ട് പ്രധാന പദ്ധതികളായിരുന്നു പിറവത്തെ സബർബൻമാളും, ഇലഞ്ഞിയിലെ പച്ചക്കറി പഴം സംസ്‌കരണ യൂണിറ്റും. ഇതിൽ സബർബൻമാളിന്റെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. പച്ചക്കറി പഴം സംസ്‌കരണശാലയുടെ നിർമ്മാണ പ്രവൃത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. പച്ചക്കറികളും പഴങ്ങളും സംസ്‌കരിച്ച് കയറ്റുമതി ചെയ്യുവാനുള്ള പദ്ധതിയിലൂടെ കർഷകർക്ക് ന്യായവില ലഭ്യമാകും.പച്ചക്കറി പഴം സംസ്‌കരണ യൂണിറ്റിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള സത്വര നടപടി സ്വീകരിക്കാമെന്ന് വകുപ്പ് മന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.