പറവൂർ: പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന റോഡ് റോളർ അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിച്ചു. പൊതുമരാമത്ത് വകുപ്പ് പറവൂർ റോഡ്സ് സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് വർഷങ്ങളായി അവഗണിച്ചു തള്ളിയിരിക്കുകയാണ് റോഡ് റോളർ. യഥാസമയം അറ്റകുറ്റപണികൾ നടത്താൻ ആരും തയാറായാകാഞ്ഞതാണ് ഇന്നത്തെ സ്ഥിതിയിൽ കാരണമായത്. ഇരുമ്പ് വിലക്ക് പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. നേരത്തെ ഞാറക്കൽ സെക്ഷൻ പരിധിയിലെ റോഡ് വർക്കുകൾ നടത്താൻ ഈ റോളർ ഡിപ്പാർട്ടുമെന്റിൽ നിന്നും അനുവദിച്ചതായിരുന്നു. റിപ്പയർ നടത്തണമെങ്കിൽ ചാലക്കുടിയിൽ നിന്നും മെക്കാനിക്ക് വരണം. ഇതിന് മെനക്കെടാതെ റോളർ ഉപേക്ഷിക്കുകയായിരുന്നു.