swapna

മുഖ്യമന്ത്രിക്ക് തന്നെ നേരത്തേ അറിയാമായിരുന്നുവെന്നും മൊഴി

കൊച്ചി: യു.എ.ഇ കോൺസുൽ ജനറൽ 2017ൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് യു.എ.ഇ കോൺസുലേറ്റും കേരള സർക്കാരും തമ്മിലുള്ള ആശയവിനിമയങ്ങൾക്ക് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചുമതലപ്പെടുത്തിയ വിവരം അനൗദ്യോഗികമായി അറിയി​ച്ചതെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.

'അതിനുശേഷം കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ശിവശങ്കർ

എന്നെ കോൺസുൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ വിളിക്കുമായിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾക്ക് ഞാനും അദ്ദേഹത്തെ വിളിക്കുമായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം ദൃഢമായത്. കോൺസുലേറ്റും സർക്കാരും തമ്മിലുള്ള ചർച്ചയിലാണ് ശിവശങ്കറിനെ കാണുന്നത് '-എൻഫോഴ്സ്‌മെന്റ് ഡയറക്‌ട‌റേറ്റിന് (ഇ.ഡി) ആഗസ്‌റ്റ് ഏഴിന് നൽകിയ മൊഴിയിൽ സ്വപ്‌ന വെളിപ്പെടുത്തി.

യു.എ.ഇ കോൺസുലേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും, സ്‌പേസ് പാർക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മൊഴിയിൽ പറയുന്നു. സ്വപ്‌നയുടെ നിയമനം അറിഞ്ഞത് വിവാദത്തിന് ശേഷമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 41 ചോദ്യങ്ങളാണ് ഇ.ഡി സ്വപ്‌നയ്‌ക്ക് മുന്നിൽ നിരത്തിയത്. അതിൽ 17-ാമത്തെ ചോദ്യം ആരാണ് ശിവശങ്കറെന്നായിരുന്നു.

സ്‌പേസ് പാർക്കിലെ ശമ്പളം 1.07 ലക്ഷം

സ്‌പേസ് പാർക്കിലെ തൊഴിലവസരം അറിയിച്ചത് ശിവശങ്കറാണെന്നാണ് മറ്റൊരു മൊഴി. ജോലിക്കായി കേരള സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ എം.ഡി ഡോ. ജയശങ്കർ, സ്‌പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് എന്നിവരെ കാണാൻ നിർദ്ദേശിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ സുധീപ് ദാസ് ടെലഫോണിലൂടെ ഇന്റർവ്യൂ നടത്തി. മെയിലിലേക്ക് കോൾ ലെറ്റർ വന്നു. 1.07 ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെ അറിവോടെയിയിരുന്നു നിയമനം. താൻ വിശ്വസ്‌തയാണെന്ന വിശ്വാസമായിരിക്കാം ജോലി നൽകാൻ കാരണം..പിതാവ് സുകുമാരൻ സുരേഷ് റാസൽ ഖൈമയിൽ ബാറുള്ള നൈറ്റ് കള്ബ് നടത്തിയിരുന്നതായും സ്വപ്ന മൊഴിയിൽ പറയുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

 ? ബാങ്കിലുള്ള ആസ്തികൾ

യു.എ.ഇ കോൺസുലേറ്റിന്റെ പദ്ധതികളുടെ കമ്മിഷൻ

 ? സ്വർണക്കടത്തിലെ റോൾ

നയതന്ത്രചാനലിൽ സ്വർണം പുറത്തെത്തിക്കണം

 ? സഹായിച്ചവർ

സരിത്ത്, സന്ദീപ്, റെമീസ്

 ? എത്ര തവണ സ്വർണം കടത്തി

21

 ? സ്വർണം ആർക്കാണ്

അറിയില്ല. വിമാനത്താവളത്തിൽ നിന്ന് സരിത്ത് ഏറ്റുവാങ്ങും. സന്ദീപിന്റെ വസതിയിൽ കൈമാറും. പിന്നീട് റെമീസ് കൊണ്ടുപോകും

 ? സ്വർണക്കടത്ത് ആരുടെ പദ്ധതി

സന്ദീപ്, റെമീസ്

 ? നയതന്ത്രചാനലിലൂടെ കടത്താമെന്ന തന്ത്രം ആരുടേത്

സന്ദീപ്, സരിത്ത്

 ? ആദ്യം കടത്തിയത് എത്ര കിലോ

മൂന്ന്

 ? ആകെ എത്ര കിലോ കടത്തി

166.882 കിലാേ

സ്വർണക്കടത്ത്

 2019 നവംബർ: 4 തവണ

 2019 ഡിസംബർ: 12 തവണ

 2020 ജനുവരി: ഒരു തവണ

 2020 മാർച്ച്: ഒരു തവണ

 2020 ജൂൺ: രണ്ടു തവണ

 2020 ജൂലായ്: ഒരു തവണ (പിടികൂടി)