ആലുവ: സംസ്ഥാന പൊതുമേഖല സ്ഥാപനമായ തായിക്കാട്ടുകര എഫ്.ഐ.ടിയിലെ ഒരു ഏക്കറോളം ഭൂമി സ്വകാര്യ കമ്പനിയ്കു പാട്ടത്തിന് നൽകാനുള്ള സർക്കാർ തിരുമാനത്തിനെതിരെ ചൂർണ്ണിക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സ്വകാര്യകമ്പനിക്ക് നൽകാനുള്ള സർക്കാർ ഉത്തരവും സമരക്കാർ കത്തിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ രൂപികരിച്ച ഒരു കടലാസ് കമ്പനിയ്ക്കാണ് പാതയോര വിശ്രമ കേന്ദ്രം തുടങ്ങാൻ അനുമതി നൽകിയതെന്ന് സമരക്കാർ ആരോപിച്ചു. ചൂർണ്ണിക്കര വില്ലേജ് ഓഫീസിനായി അഞ്ച് സെന്റ് ഭൂമി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പലവട്ടം എഫ്.ഐ.ടിയെയും സർക്കാരിനെയും സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇതിനിടയിലാണ് സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് ഒഴിയുവാൻ ഉടമ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമൽ അശോക് അദ്ധ്യക്ഷത വഹിച്ചു. ഷഹനാസ് മുട്ടം, സഹീർ കുന്നത്തേരി, അലൻ പുത്തനങ്ങാടി, അജിതേഷ് കൃഷ്ണ എന്നിവരാണ് ധർണ നടത്തിയത്. ആർ രഹൻരാജ്,നസീർ ചൂർണ്ണിക്കര, വില്യം ആലത്തറ, ലിനേഷ് വർഗ്ഗീസ്, ഷെറീഫ് ഇടശ്ശേരി എന്നിവർ സംസാരിച്ചു.