നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ 15 -ാം വാർഡിൽ നടവഴിയോട് ചേർന്നുള്ള പഞ്ചായത്ത് തോടിന് മുകളിൽ അശാസ്ത്രീയമായി സ്ലാബ് നിർമ്മിച്ചിരിക്കുന്നതിനാൽ മഴപെയ്താൽ വഴിയിലും വീടുകളിലും വെള്ളക്കെട്ടെന്ന് പരാതി. കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിൽ മൂഴിക്കുളം വാപ്പാലക്കടമ്പിൽ വി.പി. വേലായുധന്റെ വീടും പരിസരവും മുങ്ങി. പത്ത് അടിയോളം വീതിയുള്ള നടവഴിയുടെ ഒരുവശത്തുകൂടി പോകുന്ന തോടിന് മുകളിലാണ് സ്ലാബിട്ടിരിക്കുന്നത്. സ്ലാബ് നീക്കിയാൽ മാത്രമേ കനാലിൽ കൂടി വെള്ളം ഒഴുകി പരിസരത്തെ വെള്ളക്കെട്ട് ഒഴിവാകുകയുള്ളുവെന്നും അധികൃതർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.