കൊച്ചി: കൊവിഡ് കാലഘട്ടത്തിൽ സന്ധി മാറ്റിവയ്ക്കൽ പോലുള്ളവയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയകൾ സുരക്ഷിതമാണെന്ന് വിദഗ്ദ്ധർ. കാൽമുട്ട്, ഹിപ് തുടങ്ങിയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയരാകുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാനും റോബോട്ടിക് ശസ്ത്രക്രിയകൾ സഹായിക്കും.
ഇന്ത്യയിൽ 2025 ഓടെ 60 ദശലക്ഷം ആർത്രൈറ്റിസ് രോഗികൾ ആകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഓർത്തോപെഡിക്‌സിലെ ക്ലിനിക്കൽ പ്രൊഫസർ ഡോ. ജയ്‌തിലക് പറഞ്ഞു.
റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചാൽ രോഗികൾക്ക് വേഗത്തിൽ ആശുപത്രി വിടാൻ കഴിയും. ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദനയ്ക്ക് കുറവുള്ളതായും വളരെപെട്ടെന്ന് കാൽമുട്ടിന്റെ ചലനങ്ങൾ വീണ്ടെടുത്തു സുഖം പ്രാപിച്ചതായും അദ്ദേഹം പറഞ്ഞു.