
ആലുവ: വിദേശത്ത് ഉയർന്ന ശമ്പളത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന ഓൺലൈൻ ടീമുകൾ ജില്ലയിൽ സജീവം. നഴ്‌സുമാരാണ് പ്രധാനമായും ഇവരുടെ ഇരകൾ. വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളുടെ പേരിലാണ് ജോലി തട്ടിപ്പ്. സ്ഥാപങ്ങളുടെ തൊഴിൽ പരസ്യങ്ങൾ ഉപയോഗിച്ചാണ് സംഘം പണം അപഹരിക്കുന്നതെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
ഇന്ത്യയിൽ തട്ടിപ്പുസംഘങ്ങൾ സ്ഥാപനങ്ങളുടെ പേരിൽ ഇവരുടെ വിലാസം വച്ചാണ് പരസ്യം ചെയ്യുക. ആദ്യം ചെറിയ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടും. പിന്നീട് സർട്ടിഫിക്കറ്റുകളുടെ കോപ്പി നൽകണം. ഒൺലൈൻ വഴിയുള്ള ഇന്റർവ്യൂ പാസായതായി അറിയിക്കും. വിസയ്ക്കും മറ്റുമായി ലക്ഷങ്ങൾ ആവശ്യപ്പെടും. കുറേയേറെ പണം നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് തട്ടിപ്പ് മനസിലാകുക. പൊലീസിന് പരാതി ലഭിക്കുമ്പോഴേക്കും തട്ടിപ്പുകാർ രക്ഷപ്പെട്ടിട്ടുണ്ടാകും.
ഒൺലൈൻ ഡാറ്റാ എൻട്രിയുടെ പേരിലും വൻ തട്ടിപ്പാണ് നടക്കുന്നത്. മാസത്തിൽ പതിനായിരങ്ങൾ സമ്പാദിക്കാം എന്ന പരസ്യം നൽകിയാണ് തട്ടിപ്പ്. രജിസ്‌ട്രേഷൻ ഫീസായി തുക വാങ്ങിക്കും. തുടർന്ന് മാറ്റർ അയച്ചുകൊടുക്കും. ഇതു ശരിയാക്കി അയച്ചു കഴിയുമ്പോൾ ഓരോ കാരണം പറഞ്ഞ് നിരാകരിക്കും. നഷ്ടപരിഹാരമായി അയ്യായിരവും പതിനായിരവും ഭീഷണിപ്പെടുത്തി വാങ്ങും. പണം കൊടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞാണ് ഭീഷണി. ഭയം മൂലം ഉദ്യോഗാർത്ഥികൾ പണം നൽകി ഒഴിവാകുകയാണ് പതിവ്.
തട്ടിപ്പിൽ നിന്ന് അഭിരാഗ് രക്ഷപ്പെട്ടത് ഭാഗ്യത്തിന്
എടത്തല നൊച്ചിമ പെരുമ്പടന്ന വീട്ടിൽ പ്രദീപിന്റെ മകൻ അഭിരാഗ് ഭാഗ്യം കൊണ്ടാണ് ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത്. ഡിപ്ളോമ ബിരുദധാരിയായ അഭിരാഗ് ഓൺലൈൻ മുഖേന തൊഴിലന്വേഷകരുടെ സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നിന്നും മൊബൈൽ നമ്പർ ശേഖരിച്ച സംഘം കൊച്ചി വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാന്റലിംഗ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. ഓൺലൈൻ ഇന്റർവ്യൂവും പരീക്ഷയും നടത്തിയതിന്റെ അടുത്ത ദിവസം സെലക്ഷൻ ആയതായി അറിയിച്ചു. തുടർന്ന് ചെയ്യുന്ന ജോലിയുടെ സ്വഭാവം അറിയുന്നതിനുള്ള നോട്ട്സിനും രജിസ്ട്രേഷൻ ഫീസുമായി 2,000 രൂപ അടക്കാൻ നിർദ്ദേശം നൽകി. ഓൺലൈൻ മുഖേന പണം അടക്കാനായിരുന്നു നിർദ്ദേശം. പണം ആവശ്യപ്പെട്ട സ്ഥാപനത്തിന്റെ ഫേസ് ബുക്ക് പേജിൽ പരിശോധിച്ചപ്പോൾ തട്ടിപ്പിനിരയായ നിരവധി പേരുടെ കമന്റുകൾ കണ്ടതോടെയാണ് അഭിരാഗ് പണം നൽകാതെ പിൻമാറിയത്. പണം നഷ്ടപ്പെടാത്തതിനാൽ നിയമപരമായ നടപടികളൊന്നും സ്വീകരിച്ചില്ല.