ration
വേലായുധൻ ചേട്ടൻ കടയിൽ

കിഴക്കമ്പലം: വേലായുധൻ ചേട്ടന് വയസ് നൂറ്. ചേട്ടന്റെ റേഷൻ കടയ്ക്ക് പ്രായം അറുപത്തി മൂന്നും. നൂറ്റി ഒന്നിലേയ്ക്ക് കടക്കുന്ന വെങ്ങോല ഈച്ചരൻകവലയിലെ ചായാട്ട് വേലായുധൻ ഇന്നും സ്മാർട്ടാണ്. റേഷൻകടയിൽ രാവിലെ നടന്നെത്തും. ഉച്ച വരെ കച്ചവടത്തിലും ഉഷാർ.

ജീവിതത്തിൽ ഇന്നു വരെ ചെരുപ്പ് ഉപയോഗിച്ചിട്ടില്ല. അതും കടയിലേക്കുള്ള നടപ്പുമാണ് ആരോഗ്യ രഹസ്യമെന്ന് ചേട്ടൻ രഹസ്യമായി പറയും.

നാലു തലമുറകളുടെ മുത്തച്ഛന് നൂറു കടന്നതിന്റെ ആഘോഷം മക്കളും ചെറുമക്കളും ചേർന്നു നടത്തി. സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം തുടങ്ങിയ 1957 മുതൽ വെസ്​റ്റ് വെങ്ങോലയിൽ ഈ കടയുണ്ട്.തന്നോളം പ്രായമുള്ള റേഷൻവ്യാപാരി സംസ്ഥാനത്ത് എങ്ങും ഉണ്ടാകില്ലെന്നാണ് വേലായുധൻചേട്ടന്റെ വിശ്വാസം.

കടയിലേക്ക് ചിലപ്പോൾ പേരക്കുട്ടികൾ കൊണ്ടാക്കും. നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. തുടർന്ന് പഠിക്കാൻ കിഴക്കമ്പലത്തോ വളയൻചിറങ്ങരയിലോ പോകണമായിരുന്നു. അതിനു മെനക്കെട്ടില്ല.

വർഷങ്ങൾക്കു മുമ്പു വരെ പലചരക്കുകടയും നടത്തിയിരുന്നു. പിന്നീടത് നിർത്തി. അഞ്ചു മക്കളെ പഠിപ്പിച്ച് കരപറ്റിച്ചു. ഇതിനിടെ ഒട്ടേറെ പുരസ്‌കാരങ്ങളും ചേട്ടനെ തേടിയെത്തി. അന്നും ഇന്നും സത്യത്തിന്റെ വഴി മറന്ന് ജീവിച്ചിട്ടില്ല. റേഷൻ വാങ്ങി തീർക്കാത്തവർക്കായി അവധി ദിനങ്ങളിലും കട തുറന്ന് പ്രവർത്തിപ്പിച്ചയാളാണ്.

ഇടപാടുകൾ ഓൺലൈനിലായതോടെ സമീപവാസിയെ സഹായിയായി നിയമിച്ചാണ് റേഷൻ കട മുന്നോട്ടു പോകുന്നത്.