
നെടുമ്പാശേരി: മകനോളം വരില്ല ഒരമ്മയ്ക്കും കോടികളെന്ന് അടിവരയിടുകയാണ് പാറക്കടവ് കുന്നപ്പിള്ളി മനയിൽ ലീല അന്തർജ്ജനം. ഭിന്നശേഷിക്കാരനായ മകന്റെ സുരക്ഷിത ഭാവിക്കായി സ്വന്തമായുള്ള 71 സെന്റ് സ്ഥലവും വീടും സേവാഭാരതിക്ക് കൈമാറുകയെന്ന തീരുമാനമെടുക്കാൻ 76കാരിയായ ഈ അമ്മയ്ക്ക് മറിച്ച് ആലോചിക്കേണ്ടിവന്നില്ല. സേവാഭാരതിയെ ഇക്കാര്യം അറിയിച്ചതോടെ ഭാരവാഹികൾ നൂറ് സമ്മതം മൂളുകയായിരുന്നു.
ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ശാന്തിയായിരുന്നു ലീലയുടെ ഭർത്താവ് ജയന്തൻ നമ്പൂതിരി. ദമ്പതികൾക്ക് അഞ്ച് ആൺ മക്കളാണ് ഉണ്ടായിരുന്നത്. ഭിന്നശേഷിക്കാരായി പിറന്ന മറ്റ് നാലു പേരെയും പലപ്പോഴായി വിധി തട്ടിയെടുത്തു. മൂന്ന് വർഷം മുമ്പ് ജയന്തനും മരിച്ചതോടെ ലീല തനിച്ചായി. മകൻ വിനയന് പ്രായം 33 കഴിഞ്ഞെങ്കിലും ഒരു വയുകാരന്റെ മനസാണ്. ഭക്ഷണം നൽകുന്നതും വസ്ത്രം മാറുന്നതും തുടങ്ങി പ്രാഥമീകാവശ്യങ്ങൾക്ക് വരെ പരസഹായം വേണം. തന്റെ കാലശേഷം മകനെ ആര് സംരക്ഷിക്കുമെന്ന ചിന്തിയെ തുടർന്നാണ് ലീല സേവാഭാരതിയെ സമീപിച്ചത്. ഭൂമിയും സ്ഥലവും നൽകാം പകരം ഭിന്നശേഷിക്കാർക്ക് സംരക്ഷണത്തിനായി ഒരു കേന്ദ്രം തുടങ്ങണമെന്ന് മാത്രമായിരുന്നു ലീലയുടെ ആവശ്യം.
സേവാഭാരതി സമ്മതം മൂളിയതോടെ അത് പുതുചരിത്രമായി. കൈമാറിയ 2.67 കോടി രൂപയുടെ ജയന്തൻ നമ്പൂതിരി സ്മാരക മന്ദിരവും ഭിന്നശേഷിക്കാർക്കായി സുകർമ വികാസ് കേന്ദ്രവും ഉയർന്നു. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് നിർമ്മാണം. ഭിന്നശേഷിക്കാർക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നൽകുന്നതാണ് സുകർമ വികാസ് കേന്ദ്രം. മൂന്ന് നിലകളിലായി 12,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 25 ഭിന്നശേഷിക്കാരായ ആൺകുട്ടികളെ താമസിപ്പിക്കാം. വിവിധ പരിശീലനങ്ങളിലൂടെ മാനസീക ഉല്ലാസം നൽകുകയാണ് ലക്ഷ്യം. മുപ്പതോളം പേർ ഇതിനകം രജിസ്റ്റർ ചെയ്തു. ലീല അന്തർജനത്തിന്റെ മാതൃക പിൻതുടർന്ന് സേവാഭാരതിക്ക് റിട്ട.ഹെഡ്മിസ്ട്രസ് വിലാസിനി 17.5 സെന്റ് സ്ഥലവും കുറുമശേരി കണ്ടനാട്ട് സരോജിനിയമ്മ 24.5 സെന്റ് സ്ഥലവും നൽകി
തന്നേപ്പോലെ വിഷമിക്കുന്ന മറ്റ് അമ്മമാരുടെയും കണ്ണീരൊപ്പാൻ ഇതിലൂടെ കഴിയണമെന്നത് ആശ്വാസം നൽകുന്നു.
ലീല അന്തർജനം
ഉദ്ഘാടനം നവംബർ 14ന്
സുകർമ വികാസ് കേന്ദ്രം നവംബർ 14ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി എം.പി, പി.ഇ.ബി. മേനോൻ എന്നിവർ പങ്കെടുക്കും. സേവാഭാരതി ഭാരവാഹികളായ ഡോ. ജ്യോതിഷ് ആർ. നായർ, ഡോ. എം.എൻ. വെങ്കിടേശ്വരൻ, സി.ആർ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.