
ഒക്ടോബർ സ്തനാർബുദ മാസം
കൊച്ചി : സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാർബുദമാണ്. മുഴയാണ് പ്രധാന ലക്ഷണം.പക്ഷേ, സ്തനത്തിൽ കാണുന്ന എല്ലാ മുഴകളും കാൻസർ ആകണമെന്നില്ല. പുരുഷൻമാർക്കും സ്തനാർബുദം വരാം. കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ സ്തനാർബുദ മാസമായി ആചരിക്കുകയാണ്.
മുൻകരുതൽ ആർക്കൊക്കെ
• 35 വയസിനു മുകളിലുള്ളവർ
• അടുത്ത രക്തബന്ധമുള്ളതും പ്രായം കുറഞ്ഞതുമായ രണ്ടിൽ കൂടുതൽ സ്ത്രീകൾക്ക് സ്തനാർബുദമോ അണ്ഡാശയ കാൻസറോ വന്നിട്ടുള്ള കുടുംബചരിത്രമുള്ളവർ,
• കുടുംബത്തിൽ പുരുഷന് സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ
• 12 വയസിനു മുമ്പേ ആർത്തവം ആരംഭിച്ചവർ
• 50 വയസിനുശേഷം ശേഷം ആർത്തവവിരാമം വന്നവർ
• ആദ്യപ്രസവം 30 വയസിന് ശേഷം നടന്നവർ
• ഗർഭധധാരണം നടക്കാത്തവർ
• മുലയൂട്ടാത്തവർ
• ആർത്തവവിരാമത്തിനു ശേഷം പൊണ്ണത്തടി ബാധിച്ചവർ
• നീണ്ടകാലം ഗർഭനിരോധന ഗുളികകൾ കഴിച്ചവർ
സ്ത്രീകൾ ഏറ്റവുമധികം ഭയപ്പെടുന്നതാണ് സ്തനാർബുദം. ഇന്ത്യയിൽ രണ്ടു ലക്ഷം പേരിൽ പുതിയ സ്തനാർബുദം ബാധിക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ഐ.സി.എം.ആർ കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവിട്ട പഠനത്തിൽ പറയുന്നുണ്ട്. വിദേശങ്ങളിൽ സ്ക്രീനിംഗ് വഴി നേരത്തെ രോഗം കണ്ടെത്താറുണ്ട്. ഇന്ത്യയിൽ ലക്ഷണങ്ങൾ കണ്ടാണ് പലരും അറിയുന്നത്.
കൃത്യസമയത്ത് ചികിത്സ തേടുക
സ്തനത്തിൽ ഉണ്ടാകുന്ന ഭൂരിപക്ഷം മുഴകളും കാൻസർ ആവില്ല. എങ്കിലും വിദഗ്ദ്ധമായ ശാസ്ത്രീയ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ചെറുപ്പക്കാരിലും അപൂർവമായി കാണാറുണ്ട്. എല്ലാവരും സ്തനത്തിൽ കാണുന്ന മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം മനസിലാക്കണം. സംശയം തോന്നിയാൽ ഡോക്ടറെ കാണണം.
ഡോ.സി.എൻ. മോഹനൻ നായർ
ഓങ്കോളജിസ്റ്റ്
സ്പെഷ്യലിസ്റ്റ്സ് ആശുപത്രി