കൊച്ചി: ദീപാവലി, മഹാനവമി ആഘോഷങ്ങളോടനുബന്ധിച്ച് ദക്ഷിണറെയിൽവേ കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യതയനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് പുനരാരംഭിക്കുക.
ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം, മംഗലാപുരം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്ന് കാരയ്ക്കാലിലേക്കും എഗ്‌മോറിൽനിന്ന് കൊല്ലത്തേക്കും സർവീസ് നടത്തുന്നുണ്ട്. ലോക്ക് ഡൗണിനു മുമ്പ് ഓടിയിരുന്ന ട്രെയിനുകൾ ഘട്ടംഘട്ടമായി ആരംഭിക്കാനാണ് പദ്ധതിയിടെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
മഹാനവമി, ദീപാവലി, ക്രിസ്‌മസ്, പുതുവത്സരാഘോഷം, പൊങ്കൽ എന്നിവയോടനുബന്ധിച്ച് യാത്രക്കാർ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് കൂടുതൽ സർവീസ് ആരംഭിക്കുക. നിലവിലെ സർവീസുകളിൽ ശരാശരി അമ്പതു ശതമാനം യാത്രക്കാരേയുയുള്ളൂ. കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും ഓപ്പറേഷൻ വിഭാഗം അറിയിച്ചു.