പിറവം: നിർമ്മാണം പൂർത്തിയായ രാമമംഗലം തടയണയുടെ(ചെക്ക് ഡാം) ഉദ്ഘാടനം ഈ മാസം 16 ന് നടക്കും. രാവിലെ 11 ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കുമെന്ന് അനൂപ് ജേക്കബ് എം. എൽ. എ.അറിയിച്ചു. രാമമംഗലം പാലത്തിനു താഴെയായി മൂവാറ്റുപുഴയാറിനു കുറുകെയാണ് ഈ തടയണ നിർമ്മിച്ചിരിക്കുന്നത്. പുഴയ്ക്ക് കുറുകെ 136 മീറ്റർ നീളത്തിലും 2.5 മീറ്റർ ഉയരത്തിലുമുള്ള തടയണയുടെ നിർമ്മാണം ഏഴുകോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചിട്ടുള്ളത്.രാമമംഗലം, ഊരമന പ്രദേശങ്ങളിൽ ഭൂഗർഭ ജലനിരപ്പ് തോത് ഉയർത്തുവാനും, രാമമംഗലം പാലം കൂടുതൽ ബലവത്തേകാനും ഇതിലൂടെ സാധിച്ചുവെന്ന് അനൂപ് പറഞ്ഞു. ചൂണ്ടി കുടിവെള്ള പദ്ധതിയെ ആശ്രയിച്ചു നിൽക്കുന്ന പിറവം നിയോജകമണ്ഡലത്തിലെ ചോറ്റാനിക്കര, തിരുവാങ്കുളം മേഖലകളിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലും കൂടുതൽ സുഗമമായി ഈ പദ്ധതിയിലൂടെ വെള്ളമെത്തിക്കാൻ സാധിക്കുമെന്ന് എം.എൽ.എ അറിയിച്ചു.