മൂവാറ്റുപുഴ: ത്രിവേണി സംഗമത്തിലെ കുളി കടവുകളിൽ കാടുകയറി. കടവുകളിലെ കാടുകൾ ആര് വെട്ടിമാറ്റുമെന്ന തർക്കമൂലം കുളികടവുകൾ തകരുന്നു.കോതമംഗലം, തൊടുപുഴ, കാളിയാർ, പുഴകളുടെ സംഗമകേന്ദ്രമായ മൂവാറ്റുപുഴ ത്രിവേണി സംഗമത്തിന്റെ കരകളിലായി സ്ഥിതി ചെയ്യുന്ന കിഴക്കേക്കര കടവ്, ചന്തക്കടവ്, പുഴക്കരക്കാവ് കടവ്, വെള്ളൂർക്കുന്നം അമ്പലകടവ് എന്നിവടങ്ങളിലാണ് കാടുകയറി ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിലായിരിക്കുന്നത്. അനേകം പേർ കുളിക്കുന്നതിന് ഉപയോഗിക്കുന്ന കടവുകളിൽ കാടുകയറിയതിനാൽ ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുന്നു . ഏറ്റവും പ്രശസ്തമായിരുന്നു ചന്തക്കടവ്. ഹൈറേഞ്ചിൽ നിന്നടക്കം എത്തിയിരുന്ന മലഞ്ചരക്കുകൾ ഇവിടെ നിന്നായിരുന്നു വളളത്തിൽ കയറ്റി അന്നത്തെ തുറമുഖമായിരുന്ന ആലപ്പുഴക്ക് കൊണ്ടു പോയിരുന്നത്. രാപകൽ ഭേദമന്യേ ആളുകളുടെ ബഹളത്തിൽ കഴിഞ്ഞിരുന്ന കടവിന്റെ പ്രതാപമെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോയി.
കടവ് ആര് നന്നാക്കുമെന്നതിൽ ആശയ കുഴപ്പം
നേരത്തെ കടവുകൾ നഗരസഭയുടെ കീഴിലായിരുന്നപ്പോൾ വർഷത്തിലൊരിക്കൽ കാടുവെട്ടി തെളിച്ചിരുന്നു. എന്നാൽ ഇപ്പോൾ കടവ് നവീകരണം റിവർ മാനേജ്മെന്റ് കമ്മിറ്റിയുടെകീവിലായതോടെ ശുചീകരണ പ്രവർത്തനം നടന്നിട്ടില്ല. എന്നാൽ കടവുകളുടെ ശുചീകരണ കാര്യങ്ങൾ നഗരസഭക്കാണെന്ന നിലപാടിലാണ് റിവർ മാനേജ്മെന്റ് കമ്മിറ്റി.നൂറു കണക്കിനാളുകൾ കുളിക്കുവാനുപയോഗിക്കുന്ന വെള്ളൂർ കുന്നംഅമ്പല കടവ്, കൊച്ചങ്ങാടി കടവ്, തൊണ്ടിക്കടവ്, പേട്ടക്കടവ് തുടങ്ങി എല്ലാ കടവുകളുടെയും അവസ്ഥ ഇതുതന്നെയാണ്. കടവുകൾ നന്നാക്കണമെന്ന ആവശ്യം ശക്തമാകുമ്പോൾ ആരു നന്നാക്കുമെന്ന തർക്കമാണ് ബാക്കിയാകുന്നത്.
തോണിയാത്രയും ഇല്ലാതാവുന്നു
ഇന്നിവിടെയുള്ളത് ത്രിവേണിസംഗമത്തിലെ മൂന്നു കടവുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുളള പേരിനുള്ള തോണിയാത്ര മാത്രമാണ്.ഒരു പതിറ്റാണ്ടു മുമ്പുവരെ ഈ മൂന്നു കടവുകളും യാത്രക്കാരെ കൊണ്ട്സജീവമായിരുന്നു. എന്നാൽ കടവിന് മുകളിൽ ചാലിക്കടവ് പാലം വന്നതോടെ തോണിയാത്രക്കാരുടെ എണ്ണത്തിലും കുറവു വന്നു.വിനോദത്തിനായി കുറച്ച് യാത്രക്കാരും, കുളിക്കാനെത്തുന്നചുരുക്കം ചിലരേയും ആശ്രയിക്കുന്ന കടവിനെ അധികൃതരും കൈയ്യൊഴിഞ്ഞ മട്ടാണ്.