വൈപ്പിൻ : കൊവിഡ് നിയന്ത്രണങ്ങൾ മൂലം എട്ട് മാസമായി ഉറങ്ങിക്കിടക്കുന്ന ചെറായി ബീച്ച് നവംബർ ഒന്ന് മുതൽ വീണ്ടും ഉണരും. നവംബർ മുതൽ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാമെന്ന സർക്കാർ നിർദേശം ഈ മേഖല സന്തോഷപൂർവം കേൾക്കുന്നുവെങ്കിലും ഇവയെല്ലാം പഴയപടിയാകാൻ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടിവരുമെന്നതാണ് യാഥാർത്ഥ്യം.

സംസ്ഥാനത്ത് തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ചെറായി ബീച്ചിൽ ഒട്ടനവധി റിസോർട്ടുകൾ ഉണ്ടെങ്കിലും ടൂറിസം വകുപ്പിന്റെ മാനദണ്ഡം അനുസരിച്ചുള്ളവ നാലോ അഞ്ചോ മാത്രമാണ്. ബാക്കി ഇരുനൂറോളം ഹോംസ്റ്റേകളും സർവീസ്ഡ് വില്ലകളുമാണ്. റിസോർട്ടുകൾ സാമ്പത്തികശേഷി ഉള്ളവർക്കാണ്. ഹോംസ്റ്റേകളും സർവീസ്ഡ് വില്ലകളും ഉപയോഗിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇടത്തരക്കാരും സാധാരണക്കാരുമാണ്. ഇവയിൽ മിക്കതും നടത്തിപ്പുകാർ വാടകയ്ക്കെടുത്ത് നടത്തിവരുന്നവയാണ്.

# നടത്തിപ്പുകാർ വൻതുക ചെലവഴിക്കണം

റിസോർട്ടുകളും സർവീസ് വില്ലകളും ഹോംസ്റ്റേകളും വീണ്ടും തുറക്കുന്നതിന് മുമ്പ് അറ്റുകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. പെയിന്റിംഗിനും ഫർണിച്ചർ പോളീഷിംഗിനും നല്ലൊരു തുക ചെലവാകും. എപ്പോഴും ശക്തമായ ഉപ്പ് കാറ്റ് വീശുന്ന ഇവിടെ എട്ട് മാസമായി പ്രവർത്തിക്കാത്തതിനാൽ ഇലക്ട്രോണിക് ഫിറ്റിംഗുകളും നശിച്ചുപോയിട്ടുണ്ട്. ഇനി അവയെല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം.

# സർക്കാർ സഹായിച്ചില്ല

പൂട്ടിക്കിടന്ന കാലയളവിൽ റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും സർക്കാരിൽനിന്ന് ധനസഹായമൊന്നും ലഭിച്ചില്ലെന്ന പരാതി ഈ മേഖലയിൽ ഉള്ളവർക്കുണ്ട്. തങ്ങളെല്ലാം സമ്പന്നൻമാരാണെന്നുള്ള തെറ്റിദ്ധാരണയിലാണ് ആനുകൂല്യം ഒന്നും നൽകാതിരുന്നതിനാലാണ് എന്നാണിവരുടെ പരിഭവം. റിസോർട്ട് ആൻഡ് ഹോട്ടൽ അസോസിയേഷൻ നിവേദനങ്ങൾ നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല.

# പ്രതീക്ഷ ആഭ്യന്തര ടൂറിസ്റ്റുകളിൽ

നൂറുകണക്കിനാളുകളാണ് ചെറായി ബീച്ചിൽ തൊഴിലെടുത്തിരുന്നത്. പാചകക്കാരിലും ശുചീകരണക്കാരിലും ഭൂരിപക്ഷവും സ്ത്രീകളാണ്. കഴിഞ്ഞ എട്ട് മാസമായി യാതൊരു വരുമാനവും ഇല്ലാതെ കഴിയുകയാണവർ. വീണ്ടും തുറക്കുന്നതിൽ തൊഴിലാളികളെല്ലാം ഏറെ പ്രതീക്ഷയിലാണ്. എന്നാൽ ഉടമകൾക്ക് അത്ര പ്രതീക്ഷയില്ല. കൊവിഡ് വ്യാപനം ലോകം മുഴുവൻ ഉള്ളതിനാൽ വിദേശികൾ ആരും വരുമെന്ന് കരുതുന്നില്ല. ആഭ്യന്തര ടൂറിസ്റ്റുകളിലാണ് അല്പം പ്രതീക്ഷ. ഇവരിൽ ഏറിയ കൂറും തമിഴ്‌നാട്ടുകാരാണ്. എന്തൊക്ക ആശങ്കകൾ ഉണ്ടെങ്കിലും ടൂറിസം മേഖല തുറക്കുന്നതോടെ കുറച്ച് കാലമെടുത്താലും ചെറായി ബീച്ചിന് പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്നുള്ള ശുഭ പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ.