boys-school
കാടുകയറി നാശോന്‍മുഖമായ പെരുമ്പാവൂര്‍ ഗവ. ബോയസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ട്.

പെരുമ്പാവൂർ: അനവധി​ കായികതാരങ്ങൾക്ക് ജന്മം നൽകിയ എറണാകുളം ജില്ലയിലെ ഏറ്റവും വിശാലമായ സ്കൂൾ ഗ്രൗണ്ട് കാട് കയറി നശിക്കുന്നു. കായികരംഗത്ത് മി​കവ് തെളി​യി​ച്ച പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടി​നാണ് ദുരവസ്ഥ.

400 മീറ്റർ ട്രാക്ക് ഗ്രൗണ്ടായ ഇവിടെ സംസ്ഥാന, ജില്ലാ കായികമേളകൾ ഉൾപ്പെടെ നിരവധി കായികമത്സരങ്ങൾ അരങ്ങേറിയി​ട്ടുണ്ട്. ബോബി അലോഷ്യസിന്റെ പരിശീലകനും നാഷണൽ കോച്ചും അർജ്ജുന അവാർഡിന് വരെ നിർദ്ദേശിക്കപ്പെടുകയും ചെയ്ത ടി പി.ഔസേഫ്, ജി.വി.രാജാ അവാർഡ് ജേതാവും ഒളിമ്പ്യനുമായ പി.ടി രാജീവ്, 100 മീറ്റർ ഓട്ടത്തിൽ റെക്കോർഡ് നേടിയ സംസ്ഥാന ടീമംഗവും സർവീസസിന്റെ പടക്കുതിരയുമായിരുന്ന ജി. അശോക് കുമാർ, മികച്ച അത്‌ലറ്റും ജാവലിൻ ത്രോ ഇന്റർനാഷണൽ താരവുമായിരുന്ന പി.പി. പോൾ, സ്റ്റേറ്റ് കോച്ച് സജി തോമസ്, മഹാരാജാസ് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ പ്രൊഫസറായിരുന്ന പി.ടി.സെല്ലൻ, തുടങ്ങി നിരവധി പ്രഗത്ഭരെ കായികലോകത്തിന് സംഭാവന ചെയ്തതാണ് ഈ ഗ്രൗണ്ട്.

ക്രിക്കറ്റ്, ബാഡ്മിന്റൺ,വോളിബോൾ, ഫുട്‌ബോൾ എന്നീ കോർട്ടുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുള്ള ഇവിടെ മാസങ്ങൾക്ക് മുമ്പ് വരെ നിരവധി പേരാണ് കളിക്കാനായി എത്തിയിരുന്നത്. പ്രഭാതസവാരിക്കും ഓട്ടത്തിനുമായി തി​രക്കായി​രുന്നു. ഗ്രൗണ്ട് കാട് പിടിച്ച് ഇഴജന്തുക്കളുടെ വാസസ്ഥലമായതോടെ ആരും എത്താറില്ല.
കുന്നത്തുനാട് താലൂക്കിലെ സ്കൂളുകളുടെ മുത്തച്ഛനാണ് പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌ക്കൂൾ. 167 വർഷം പഴക്കമുളള ഈ സ്കൂളി​ൽ കുട്ടികൾ വർദ്ധിച്ചതോടെ 1908 ലാണ് പെൺകുട്ടികൾക്കായി പെരുമ്പാവൂർ ഗവ.ഗേൾസ് ഹൈസ്കൂൾ ആരംഭിക്കുന്നത്.
മഹാകവി ജി.ശങ്കരക്കുറുപ്പ്, വിദ്വാൻ വട്ടോളിൻ കൊച്ചുകൃഷ്ണൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ, പ്രശസ്ത പത്രപ്രവർത്തകരായ എം.പി ഗോപാലൻ, ലീല മേനോൻ, സിനിമാതാരങ്ങളായ ജയറാം, അനന്യ, തട്ടേക്കാട് പക്ഷിസങ്കേതം ഡയറക്ടർ ഡോ. ആർ. സുഗതൻ തുടങ്ങി അനേകം പ്രശസ്തരേയും പ്രമുഖരേയും വളർത്തിയെടുത്ത വി​ദ്യാലയം കൂടി​യാണി​ത്.