കൊച്ചി : വൈറ്റില ഫ്ലൈഓവറിൽ ടാറിഗിംന് മുന്നോടിയായായുള്ള മാസ്റ്റിക് ആസ്ഫാൾട്ട് പതിപ്പിക്കുന്ന ജോലി തുടങ്ങി. ടാറിംഗിന് കടുപ്പം കൂടുമെന്നാണ് ഇതിന്റെ പ്രത്യേകത. തിളച്ചുമറിയുന്ന മാസ്റ്റിക് ആസ്ഫാൾട്ട് മിശ്രിതം പാലത്തിൽ ഒഴിച്ചാൽ നിമിഷങ്ങൾക്കം ഉറച്ച് സെറ്റാകും. തൊഴിലാളികൾ തടിക്കട്ടകൊണ്ട് നിരത്തിയെടുത്താണ് മാസ്റ്റിക് ആസ്ഫാൾട്ട് ചെയ്യുന്നത്.യന്ത്രവത്കൃതമല്ലാത്ത ജോലി പൂർത്തിയാക്കാൻ ഒരു മാസം സമയമെടുക്കും.
അതേസമയം ഫ്ലൈഓവറിലെ ആറ് സ്പാനുകളിലെ മാസ്റ്റിക് ടാറിംഗ് പൂർത്തിയാക്കി. മഴ മൂലം വൈകിയാണ് വൈറ്റിലയിൽ മാസ്റ്റിക് ഗ്രേഡ് ടാറിംഗ് തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്നുള്ള മുപ്പതോളം വിദഗ്ദ്ധ തൊഴിലാളികളാണു പണികൾ ചെയ്യുന്നത്. കോൺക്രീറ്റും ടാറും തമ്മിൽ കൃത്യമായ ബോണ്ടിംഗ് ഉണ്ടാകുന്നതിനു ഉപരിതലം ഒരുക്കുന്ന പ്രവൃത്തിയാണ് മാസ്റ്റിക് അസ്ഫാൾട്ട്. 12.2 സെ.മി ഉയരത്തിലാണ് മാസ്റ്റിക് നടത്തുന്നത്.
മാസ്റ്റിക് ടാറിംഗ് പൂർത്തിയാകുന്ന മുറയ്ക്കു ബിറ്റുമിൻ ടാറിംഗ് നടത്തും. 14 സ്പാനുകളാണ് വൈറ്റിലയിൽ ഒരു ഫ്ലൈഓവറിലുള്ളത്. ആകെ 28 സ്പാനുകൾ. മൂന്ന് വരിയാണ് റോഡിന്റെ വീതി. അവസാനവട്ട പണികളാണ് ഫ്ലൈഓവറിൽ നടക്കുന്നത്. പാലത്തിന്റെ കുണ്ടന്നൂർ ഭാഗത്തെ അപ്രോച്ചാണ് ആദ്യംബി.സി. ടാർ ചെയ്യുക. അടുത്ത മാസം തന്നെ പാലം ഗതാഗതത്തിനു തുറക്കാൻ കഴിയുമെന്നും ദേശീയ ഹെെവേ വിഭാഗം അധികൃതർ പറഞ്ഞു.
പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന പ്രചാരണം ശരിയല്ലെന്നും അധികൃതർ പറഞ്ഞു.രാജ്യത്തു 4.7 മീറ്ററാണ് വാഹനങ്ങളുടെ അനുവദനീയമായ ഉയരം. 5.5 മീറ്റർ ക്ലിയറൻസ് പാലത്തിലുണ്ട്. ഇതിലും ഉയരം കൂടുതലുള്ള വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കാതിരിക്കാൻ ഹൈറ്റ് ഗേജുകൾ പാലത്തിന്റെ രണ്ടറ്റത്തും സ്ഥാപിക്കും. അടിപ്പാതകളുടേയും ട്രാഫിക് എലെന്റുകളുടേയും നിർമ്മാണം അതിവേഗം പുരോഗമിച്ചു വരുന്നതായി സംസ്ഥാന ദേശീയപ്പാത വിഭാഗം എക്സി. എഞ്ചിനിയർ ഐസക് വർഗീസ് പറഞ്ഞു. ബെെപ്പാസിന്റെ ഇരുകെെവരികളിൽ നിശ്ചിത അകലത്തിൽ മനോഹരമായ വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും ഏറെക്കുറെ പൂർത്തിയായി. അടുത്തമാസം ഫ്ലൈഓവർ ഗതാതത്തിനു തുറന്നുകൊടുക്കാനാണ് പി.ഡബ്ളു.ഡി ശ്രമം.