tovino

കൊച്ചി: ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ ടൊവിനോ തോമസ് ഇന്നലെ ഉച്ചയോടെ ആശുപത്രി വിട്ടു. മൂന്നാഴ്ച വിശ്രമത്തിൽ കഴിയണം. ആരോഗ്യനില ഭദ്രമാണെന്ന് ടൊവിനോ അറിയിച്ചു. ഒരാഴ്ച പരിപൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച കനത്ത ജോലികളും ചെയ്യരുത്. കള എന്ന സിനിമയുടെ സംഘട്ടനരംഗം പിറവത്ത് ചിത്രീകരിക്കുന്നതിനിടെ വയറ്റിൽ ചവിട്ടേറ്റാണ് ടൊവിനോയെ ഏഴിന് റിനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.

തന്നോട് മറ്റുള്ളവർക്കുള്ള സ്നേഹം കൂടുതൽ തിരിച്ചറിയാൻ ആശുപത്രിവാസം സഹായിച്ചതായി ടൊവിനോ പറഞ്ഞു. കുറെ കാലത്തിനുശേഷമാണ് ആശുപത്രിയിൽ കഴിഞ്ഞത്. വേദന മറന്ന് കുറെ ദിവസം സമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞു. നിർവ്യാജമായ സ്നേഹമാണ് എല്ലാവരും നൽകിയത്. എല്ലാവരോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.