
കൊച്ചി: ലൈഫ് മിഷൻ പദ്ധതിക്കെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സർക്കാരും യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പനും നൽകിയ ഹർജികളിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധിപറയും.
വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് പണം സ്വീകരിച്ചെന്ന കേസിനെതിരെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്. യു.എ.ഇ റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലെ ധാരണാപത്രത്തിന്റെയടിസ്ഥാനത്തിൽ വടക്കാഞ്ചേരിയിൽ വീടുകളും ഹെൽത്ത് സെന്ററുകളും നിർമ്മിക്കുന്ന പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. സംസ്ഥാന സർക്കാരോ ഉദ്യോഗസ്ഥരോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നാണ് ലൈഫ് മിഷൻ സി.ഇ.ഒയുടെ വാദം. കരാറുകാരെ നിയമിച്ചതിലും പണം നൽകിയതിലും സർക്കാരിന് പങ്കില്ലെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ തവണ ഹർജികൾ വിധി പറയാനാണ് മാറ്റിയിരുന്നത്.
അതിനിടെ,സി.ബി.ഐ കേസിനെതിരെ സർക്കാർ അഭിഭാഷകൻ മുഖേന ഹർജി നൽകാൻ യു.വി. ജോസിന് കഴിയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചങ്ങാടക്കരി സ്വദേശി മൈക്കിൾ വർഗീസ് ഹർജി നൽകി. കള്ളക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷടക്കമുള്ളവർ ഉൾപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി നിയമനടപടികളുടെ ദുരുപയോഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.