suhas
ഓക്‌സിജനുമായി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോയ ആദ്യ ട്രക്കിന്റെ ഫ്‌ളാഗ് ഒഫ് ജില്ലാ കളക്ടർ എസ്.സുഹാസ് നിർവഹിക്കുന്നു

പുത്തൻകുരിശ്: കൊവിഡ് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ബി.പി.സി.എൽ സൗജന്യമായി നൽകുന്ന മെഡിക്കൽ ഓക്‌സിജന്റെ വിതരണം ആരംഭിച്ചു. ഓക്‌സിജനുമായി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോയ ആദ്യ ട്രക്കിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടർ എസ്.സുഹാസ് നിർവഹിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ആഴ്ചയിൽ 10 ടൺ ഓക്‌സിജൻ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, പി.വി.എസ് ഗവ. കൊവിഡ് അപ്പെക്‌സ് സെന്റർ എന്നിവിടങ്ങളിലേക്ക് രണ്ടു മാസത്തേക്ക് സൗജന്യമായി ഓക്‌സിജൻ വിതരണം ചെയ്യും. ഇൻഡസ്ട്രിയൽ ഓക്‌സിജൻ, മെഡിക്കൽ ഓക്‌സിജനായി രൂപാന്തരപ്പെടുത്തി സിലിണ്ടറുകളായോ, ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും. കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. മുരളി മാധവൻ, റിഫൈനറി ഓപ്പറേഷൻസ് ചീഫ് ജനറൽ മാനേജർ എം.ആർ സുബ്രഹ്മണി അയ്യർ, ഐ.എം.എ പ്രസിഡന്റ് ഡോ. രവി, പുത്തൻ കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ,ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.