ഫോർട്ട്കൊച്ചി: ചരിത്ര സ്മാരകങ്ങൾ വേണ്ടവിധത്തിൽ സംരക്ഷിക്കാത്തതിനാൽ ടൂറിസം ഹെറിറ്റേജ് നഗരത്തിന്റെ നിലനിൽപ്പിനുതന്നെ ദോഷമാകുന്നു. മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി മേഖലയിലെ പൈതൃക പരിസ്ഥിതി സംരക്ഷിച്ച് നിലനിർത്താൻ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുന്നത്. ഒന്നിലധികം ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഏജൻസികളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാവശ്യ ഈഗോയുമാണ് പദ്ധതി പാതിവഴിയിൽ നിലക്കാൻ കാരണമാകുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ മാറിമാറി വരുന്ന സർക്കാരുകളുടെ മുന്നിൽ നിരവധി ഏജൻസികൾ പല പദ്ധതികൾ സമർപ്പിച്ചെങ്കിലും ഒന്നുപോലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കോ ഓർഡിനേഷൻ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകണമെന്നാണ് കേരള ഹാറ്റ്സ് ഉൾപ്പടെയുള്ള സംഘടനകൾ നിരന്തരമായി ആവശ്യപ്പെടുന്നത്. ഇതിന് ഒരു നോഡൽ ഓഫീസറെയും നിയമിക്കണം.
# അടിയന്തര യോഗം വിളിച്ചുചേർക്കണം
1938ൽ മട്ടാഞ്ചേരിയിൽ നിർമ്മിച്ച കറുത്ത ജൂതൻമാരുടെ പള്ളിയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്ന് കേരള ഹാറ്റ്സ് ആൻഡ് ടൂറിസം ഉപദേശക സമിതിഅംഗം എം.പി. ശിവദത്തൻ ആവശ്യപ്പെടുന്നു. ഇതുപോലെ മട്ടാഞ്ചേരിയിലെ അരിയിട്ട് വാഴിച്ച കോവിലകവും നശിക്കുകയാണ്. ഇത് പുരാവസ്തു വകുപ്പ് ഏറ്റെടുത്തെങ്കിലും തുടർ നടപടിയൊന്നുമില്ല. ഇതു പോലെ നിരവധി ചരിത്ര സ്മാരകങ്ങളാണ് പൈതൃക മേഖലയായ മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി മേഖലകളിൽ നശിച്ചുകൊണ്ടിരിക്കുന്നത്.