ഫോർട്ടുകൊച്ചി: കൊച്ചിയുടെ വികസന സ്വപ്നപദ്ധതികളിലൊന്നായ വാട്ടർ മെട്രോ പദ്ധതി സ്വപ്നത്തിൽ ഒതുങ്ങുമോ എന്ന ആശങ്കയിലാണ് പശ്ചിമകൊച്ചിക്കാർ. മട്ടാഞ്ചേരി ബോട്ടുജെട്ടിയിൽ മൂന്ന് പ്രവേശന കവാടത്തോടെ മനോഹരമായ കെട്ടിടത്തിനാണ് രൂപകൽപ്പന നൽകിയിരിക്കുന്നത്. ഇതിനായി സ്ഥലം കൊച്ചിൻ കോർപ്പറേഷനും വിവിധ ഡിപ്പാർട്ട്മെന്റുകളും വിട്ടുനൽകിയിരുന്നു. കരാർപ്രകാരം ഈവർഷം ഡിസംബർ 26നാണ് പദ്ധതി കമ്മീഷൻ ചെയ്യേണ്ടത്. ഇനി 2 മാസം ബാക്കി നിൽക്കേ യാതൊരു ജോലികളും ഇവിടെ നടന്നിട്ടില്ല.
ന്യൂഡൽഹി ആസ്ഥാനമായ ആർക്കിയോളജി വകുപ്പിന്റെ പ്രത്യേക അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.
കരാറുകാരന് തുക കൈമാറിയെങ്കിലും സ്മാർട്ട് മിഷൻ അധികാരികളുടെ പിടിപ്പ് കേടാണ് പദ്ധതി വൈകാൻ കാരണമെന്ന് ഡിവിഷൻ കൗൺസിലർ ടി.കെ. അഷറഫ് പറഞ്ഞു. 2019 ജനുവരി 16നാണ് ഇതിനായി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത്. 15 മാസത്തിനകം ജോലികൾ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. കരയിൽനിന്ന് 100 മീറ്റർ മാറി കായലിലാണ് ജെട്ടി നിർമ്മിക്കേണ്ടത്.
ഫണ്ട് നൽകിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിനെതിരെ ജനരോഷം ഉയരുകയാണ്. വരും ദിവസങ്ങളിൽ വിവിധ സംഘടനകൾ പ്രക്ഷോഭവുമായി മുന്നോട്ടു വരുമെന്ന് മുന്നറിയിപ്പ് നൽകി.