പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തെ സമ്പൂർണ വിദ്യാഭ്യാസ ഹൈടെക്ക് മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി പ്രഖ്യാപിച്ചു.
പെരുമ്പാവൂർ ഗവ ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങ്. 3.80 കോടി രൂപയുടെ 2 പദ്ധതികളാണ് മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പ്‌നടപ്പിലാക്കിയത്. 1.34 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും ചെലവഴിച്ചു.
മണ്ഡലത്തിലെ 63 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി 419 ക്ലാസ് മുറികളിൽ പദ്ധതി നടപ്പിലാക്കി. 708 ലാപ്പ്‌ടോപ്പുകൾ, 419 പ്രൊജക്ടറുകൾ, 283 മൗണ്ടൻ കിറ്റുകൾ, 202 സ്‌ക്രീൻ ബോർഡുകൾ, 578 സ്പീക്കറുകൾ എന്നിവയാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിന് അനുവദിച്ചത്.
33 ടെലിവിഷനുകൾ, 33 പ്രിന്ററുകൾ, 34 ഡി.എസ്.എൽ.ആർ ക്യാമറകൾ, 34 ഹൈ ഡെഫിനിഷൻ വെബ് ക്യാം എന്നിവയും സജ്ജീകരിച്ചു.
ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണവും ഹൈടെക്ക് ക്ലാസ് മുറികളുടെ പ്രഖ്യാപനവും നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷ സതി ജയകൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല രവികുമാർ, പി.ടി.എ പ്രസിഡന്റ് കെ.എം അലി, ഹെഡ്മിസ്ട്രസ് യു.എ അംബിക, കൈറ്റ് കോർഡിനേറ്റർ കെ.എസ് അജീഷ്, പ്രിൻസിപ്പൽ എസ് ജയന്തി, അസി. വിദ്യാഭ്യാസ ഓഫീസർ വി രമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.