ആലുവ: കൊവിഡിന്റെ മറവിൽ തൊഴിൽ രഹിതരായ യുവാക്കളെ ലക്ഷ്യംവച്ച് പണംതട്ടുന്ന സംഘത്തെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വിദേശത്തും സ്വദേശത്തും തൊഴിൽവാഗ്ദാനം നൽകി ചെറുപ്പക്കാരെ വലയിൽവീഴ്ത്തി ആദ്യം ചെറിയതുകയും പിന്നീട് വലിയതുകയും കൈക്കലാക്കുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണ്.
കഴിഞ്ഞദിവസം ബി.ജെ.പി ആലുവ നിയോജകമണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്നയുടെ മകൻ ഡിപ്ലോമ ബിരുദ വിദ്യാർത്ഥിയായ അഭിരാഗ് പെരുംപടന്ന തട്ടിപ്പ് സംഘത്തിന്റെ വലയിൽപ്പെടാതെ രക്ഷപെടുകയായിരുന്നു. എയർപോർട്ടിൽ ഗ്രൗണ്ട് ഹാൻഡലിംഗ് ജോലി വാഗ്ദാനം നൽകി ഇൻറ്റർവ്യൂവും ടെസ്റ്റും നടത്തി. ജോലിയുടെ പേപ്പർ വർക്കിനായി 2000 രൂപയും ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ അഭിരാഗ് വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് സംഘമാണെന്ന് മനസിലായത്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ.ഗോപി, ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.