
കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഭ്യന്തര ടൂറിസ്റ്റുകൾക്ക് പ്രവേശനാനുമതി ലഭിച്ചതോടെ അറബിക്കടലിന്റെ റാണി അണിഞ്ഞൊരുങ്ങുന്നു. എട്ട് മാസത്തോളമായി തീരത്തടുപ്പിച്ച ബോട്ടുകൾ അറ്റകുറ്റപ്പണികൾ തീർത്തും രേഖകൾ പുതുക്കിയും കായൽ സവാരിക്ക് തയ്യാറെടുക്കകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം സാമൂഹികാകലവും മറ്റ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരിക്കും സർവീസ്.
സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കു. സവാരിക്ക് എത്തുന്നവരുടെ പേരും ഫോൺ നമ്പരും ടിക്കറ്റ് കൗണ്ടറിലെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കും. ബോട്ടിൽ കയറുന്നതിന് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കണം. യാത്രക്കാരും ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം. വ്യവസ്ഥകൾ അംഗീകരിച്ചാൽ സഞ്ചാരികൾക്ക് ഇനി കായൽ സൗന്ദര്യം ആസ്വദിക്കാം. മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, അഴിമുഖം പ്രദേശങ്ങൾ സഞ്ചരിച്ച് മടങ്ങിയെത്തുന്ന ട്രിപ്പിന് ഒരാൾക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.
ലൈൻസ് ഫീസിൽ പകൽക്കൊള്ള
കാലാവധി അവസാനിച്ച സർവേസർട്ടിഫിക്കറ്റ് പുതുക്കുന്നതിന് ഇരട്ടിതുക നൽകണമെന്ന മാരിടൈം ബോർഡിന്റെ നിലപാടിൽ ബോട്ടുടമകളിൽ പ്രതിഷേധം ശക്കതമാണ്. ബോട്ടുകളുടെ ഫിറ്റ്നസ് സാക്ഷ്യപത്രമാണ് സർവേ സർട്ടിഫിക്കറ്റ്. ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. എല്ലാ മോട്ടോർബോട്ടുകൾക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധാണ്. എട്ട് മാസമായി സർവീസ് നടത്താതെ കരയ്ക്കടുപ്പിച്ച് ബോട്ടുകളിൽ പലതിനും സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരിക്കുകായണ്. കൊവിഡ് മൂലമുള്ള അനിശ്ചിത്വവും വരുമാനമില്ലാതായതും സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വവും കാരണമാണ് ലൈസൻസുകൾ പുതുക്കാതിരുന്നത്. എന്നാലിപ്പോൾ കായൽ സഞ്ചാരത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ലൈസൻസ് പുതുക്കാൻ എത്തുന്നവരോട് ഇരട്ടിത്തുകയാണ് അധികൃതർ വാങ്ങുന്നത്. 1500 മുതൽ 4000 രൂപവരെയാണ് കൊച്ചി കായലിലെ ടൂറിസ്റ്റ് ബോട്ടുകളുടെ ലൈസൻസ് ഫീസ്. സർട്ടിഫിക്കറ്റ് പുതുക്കാൻ കാലാതമസം വരുത്തിയെന്ന കാരണത്താൽ ഇത് 3000 മുതൽ 8000 വരെയാണ് ഈടാക്കുന്നത്.
''കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികാരണം ലൈസൻസ് പുതുക്കാൻ വൈകിയതിന് ബോട്ടുടമകളിൽ നിന്ന് പിഴ ഈടാക്കുന്നത് ന്യായികരിക്കാനാവില്ല. ടാക്സി വാഹനങ്ങൾക്ക് ഈ കാലയളവൽ സർക്കാർ ഇളവ് അനുവദിച്ചിരുന്നു. സർവീസ് നടത്താതെ കിടന്ന ബോട്ടുകൾക്കും കൊവിഡ് കാലം ഇളവ് അനുവദിക്കണം. ബോട്ടുടമകളിൽ നിന്ന് ഈടാക്കിയ അമിതതുക അടുത്ത തവണത്തെ ഫീസ് ഇനത്തിൽ കുറവ് ചെയ്തുനൽകുകയും വേണം''
ടി.ബി. സാജു,
സെക്രട്ടറി,
ഓൾകൊച്ചി ടൂറിസ്റ്റ് ബോട്ട്
ഓപ്പറേറ്റേഴ്സ് അസോസിയേഷൻ