കൊച്ചി: മറൈൻഡ്രൈവിലെ കോർപ്പറേഷൻ ആസ്ഥാനമന്ദിരത്തെ ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കി കിട്ടുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവുകൾ പരിഹരിക്കുമെന്ന് മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഭരണസമിതിയുടെ പിടിപ്പുകേടിന്റെ ഫലമായി ആസ്ഥാനമന്ദിരം ഉൾപ്പടെ കോർപ്പറേഷന്റെ ആസ്തികൾ ഒന്നൊന്നായി നഷ്‌ടപ്പെടുകയാണെന്ന പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുത്ത കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയിലാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ജപ്തിനോട്ടീസ് പതിച്ചത്. കേസിലെ ഒന്നാംകക്ഷി സർക്കാരാണെന്നും കോർപ്പറേഷൻ രണ്ടാംപ്രതി മാത്രമാണെന്നും മേയർ പറഞ്ഞു. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ഗവൺമെന്റ് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ലെന്നും മേയർ കുറ്റപ്പെടുത്തി.
# കാലക്കേട് ഒഴിയാതെ
എം.ജി.റോഡിലെ 16 സെന്റ്
കൊവിഡ് സാഹചര്യത്തിൽ കേസ് പരിഗണിക്കാൻ കോടതി വിസമ്മതിച്ചതിനാൽ എം.ജി റോഡിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സ്റ്റേതുടരുന്നു. ഇവിടം വേലി കെട്ടി സംരക്ഷിക്കാനാണ് ഉദ്ദേശം. അതേസമയം എം.ജി.റോഡിലെ കണ്ണായ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറിയതായി സുധ ദിലീപ്കുമാർ കുറ്റപ്പെടുത്തി.
# ആധാരം കാണാനില്ലെന്ന്
കൗൺസിലർമാർ
തമ്മനം - പുല്ലേപ്പടി റോഡ് നിർമ്മാണം പൊതുമരാമത്ത് വിഭാഗത്തിന് വിട്ടുകൊടുത്തെങ്കിലും കോർപ്പറേഷൻ ആവശ്യമായ രേഖകൾ നൽകാത്തതിനാൽ പദ്ധതി നിശ്ചലമായെന്ന് സുധ ദിലീപ്കുമാർ ആരോപിച്ചു. 25 കോടി രൂപ മുടക്കി കതൃക്കടവ് മുതൽ തമ്മനം വരെയുള്ളസ്ഥലങ്ങൾ കോർപ്പറേഷൻ ഏറ്റെടുത്തുവെങ്കിലും ഇതിന്റെ ആധാരങ്ങൾ എവിടെയാണെന്ന് ആർക്കും അറിയില്ലെന്ന് ഗ്രേസി ജോസഫും പറഞ്ഞു. നിലവിൽ എത്ര ആധാരങ്ങളുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല. ആസ്ഥാനമന്ദിരം നഷ്‌ടപ്പെട്ടതുപോലെ ഈ സ്ഥലങ്ങളും കൈവിട്ടുപോകുന്ന അവസ്ഥയാണന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. ഈ റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ വിശദാംശങ്ങൾ മൂന്നു കൗൺസിൽ യോഗങ്ങളിൽ വച്ച് പൊതുമരാമത്ത് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അപാകതയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. നോർത്ത് സൗത്ത് റെയിൽവെ കോറിഡോറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു.
# സമരവുമായി പ്രതിപക്ഷം
ഭരണനേതൃത്വത്തിന്റെ നിഷ്ക്രിയമായ നിലപാടുമൂലം ആസ്തികൾ നഷ്‌ടപ്പടുന്നതിൽ പ്രതിഷേധിച്ച് കെ.ജെ. ആന്റണി തറയിൽ കുത്തിയിരുന്നത് നാടകീയമായ രംഗങ്ങൾക്ക് വഴിയൊരുക്കി. മേയർ രാജി വയ്ക്കണമെന്ന മുദ്രാവാക്യത്തോടെ എൽ.ഡി. എഫ് കൗൺസിലർമാരും ഒപ്പം ചേർന്നു. സാമൂഹികാകലം പാലിക്കാതെ സമരം ചെയ്യുന്നതിനെതിരെ മേയർ മുന്നറിയിപ്പ് നൽകിയപ്പോൾ മാത്രമാണ് സമരക്കാർ അകന്നിരുന്നത്. ഭരണപക്ഷത്തെ കൗൺസിലർമാർ സംസാരിക്കുമ്പോഴും മുദ്രാവാക്യം വിളികൾ തുടർന്നു. ഈ കോലാഹലങ്ങൾക്കിടയിലായിരുന്നു മേയറുടെ മറുപടി പ്രസംഗം.