
കൊച്ചി: നയതന്ത്ര ബാഗിന്റെ മറവിലുള്ള സ്വർണക്കടത്ത് സ്ഥിരമാക്കാൻ പ്രതികൾ തീരുമാനമെടുത്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ നിന്നാണ് ഇതിനുള്ള തെളിവുകൾ ലഭിച്ചതെന്ന് എൻ.ഐ.എ കോടതിയിൽ അന്വേഷണ സംഘം അറിയിച്ചു.
2019 നവംബർ മുതൽ പ്രതികൾ നടത്തിവന്ന സ്വർണക്കടത്ത് 2020 ജൂണിലാണ് പിടികൂടിയത്. 21 തവണ സ്വർണം കടത്തി. അടുത്ത മാസങ്ങളിലും സമാന രീതിയിൽ സ്വർണക്കടത്തിന് ഒരുക്കങ്ങൾ നടത്തുന്നതിന്റെ സന്ദേശങ്ങളാണ് ലഭിച്ചത്. ജൂണിൽ പിടികൂടിയത് 30 കിലോ സ്വർണമാണ്. കൂടുതൽ സ്വർണം അടുത്ത തവണ കടത്താൻ തീരുമാനിച്ചിരുന്നു.
പി.ടി. അബ്ദു, മുഹമ്മദ് അലി, കെ.ടി. ഷറഫുദ്ദീൻ, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ അപേക്ഷ കോടതി അനുവദിച്ചു. കേസ് ഡയറി പരിശോധിച്ച കോടതി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി.
മൊഴിപ്പകർപ്പിനുള്ള സ്വപ്നയുടെ ഹർജി വിധി പറയാൻ മാറ്റി
സ്വർണക്കടത്തു കേസിൽ കസ്റ്റംസിന് താൻ നൽകിയ മൊഴിയുടെ പകർപ്പിനായി മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. കസ്റ്റംസ് നിയമത്തിലെ 108 സെക്‌ഷൻ പ്രകാരം സ്വപ്നയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി മുദ്രവച്ച കവറിൽ എറണാകുളം അഡി.സി.ജെ.എം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പകർപ്പിന് സ്വപ്ന നൽകിയ ഹർജി കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്വപ്‌നയുടെ മൊഴി കോടതി രേഖകളുടെ ഭാഗമാക്കിയിട്ടില്ലെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇത്തരം രേഖകളും തെളിവുകളും പ്രതികൾക്ക് നൽകാനാവില്ലെന്നും കസ്റ്റംസിനുവേണ്ടി ഹാജരായ സീനിയർ കൗൺസിൽ വ്യക്തമാക്കി. ഇങ്ങനെ രേഖകൾ നൽകുന്നത് ക്രിമിനൽ നടപടിച്ചട്ടത്തിലും ഇന്ത്യൻ തെളിവുനിയമത്തിലും വിലക്കിയിട്ടുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരമാണ് മുദ്രവച്ച കവറിൽ മൊഴി സമർപ്പിച്ചത്. ഇതു പുറത്തുനൽകുന്നത് രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും അന്വേഷണത്തെ സ്വാധീനിക്കാനിടയാക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. എന്നാൽ സ്വപ്ന തന്നെ നൽകിയ മൊഴിയുടെ പകർപ്പ് നൽകിയാൽ കേസുമായി ബന്ധമുള്ള ഉന്നതരിലേക്ക് എത്താൻ സാധിക്കില്ലെന്ന വാദം നിലനിൽക്കില്ലെന്ന് അവരുടെ അഭിഭാഷക വാദിച്ചു.