മൂവാറ്റുപുഴ: കിടപ്പുരോഗികൾക്ക് സാന്ത്വനമായി അഡ്വ :ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നൽകി. പായിപ്ര കുടുംബാരോഗ്യ കേന്ദ്രം, ആയവന പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രം, നേര്യമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം, പുന്നേക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, കോതമംഗലം താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളിലേക്കുമായി പാലിയേറ്റീവ് കെയർ വാഹനങ്ങളാണ് എം.പി കൈമാറിയത്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കൊവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് അനുവദിച്ച ഒന്നര കോടി രൂപയിൽ ചിലവഴിക്കാൻ കഴിയാത്ത ബാക്കി തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. മൂവാറ്റുപുഴ ജനറൽ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോടൻ അദ്ധ്യക്ഷത വഹിച്ചു . പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ എലിയാസ്,മുൻ എം.എൽ.എ ജോണി നെല്ലൂർ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, സലിം ഹാജി, എം.ബി. ഇബ്രാഹിം, എം.സി വിനയൻ, പി.എ.അനിൽ, സമീർ കോണിക്കൽ, റിയാസ് താമരപ്പിള്ളിൽ, എൽദോ ബാബു വട്ടക്കാവിൽ, കെ.പി. ജോയി എന്നിവർ പങ്കെടുത്തു.