മരട്: .പനങ്ങാട് ഒല്ലാരി റോഡിൽ വച്ച് മാരുതി സ്വിഫ്റ്റ് ഡിസയർ കാർ അടിച്ചു തകർത്ത് രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ചേർത്തല പാണാവള്ളി കൊട്ടിയാലിൽ നികർത്തിൽ പ്രവീൺ രാജിനെ(33) പനങ്ങാട് പൊലീസ് അറസ്റ്റ്ചെയ്തു.

സെപ്തംബർ പത്തി​നാണ് സംഭവം. ഇതി​ന്റെ തുടർച്ചയായാണ് 13ന് രാത്രി നെട്ടൂരി​ൽ ഫഹദ് ഹുസൈൻ (19) ലഹരി മാഫിയയുടെ കത്തി കുത്തേറ്റ് മരിച്ചത്.

ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട സംഭവത്തിൽ ലഹരി മാഫിയയിൽ പെട്ട 19 ഓളം പേരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഡെപ്യൂട്ടികമ്മീഷണർ ജി.പൂങ്കുഴലിയുടെയും തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർ ജിജി മോന്റെയും നേതൃത്വത്തിലുള്ള സംഘം ലഹരി സംഘങ്ങളിൽ ഉൾപ്പെട്ട 34 ഓളം പേരെ ഇതിനോടകം അറ്റസ്റ്റ് ചെയ്തി​ട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ എടുത്തു.

തൃശൂരിൽ നിന്നും ഇന്നോവ കാറിലാണ് സംഘാംഗങ്ങൾ എത്തിയത്. തൃശൂരുള്ള നാല് പേരെ കൂടി ഇനി പിടികൂടാനുണ്ട്. അന്വേഷണ സംഘത്തിൽ സി​.ഐ എ.അനന്തലാലിനെ കൂടാതെ സബ് ഇൻസ്പെക്ടർ റിജിൻ എം തോമസ്, എ എസ് ഐ ജയപ്രകാശ്, സീനിയർ സിവിൽ പോലിസ് ഓഫിസർ രാജേഷ്, സിവിൽ പോലിസ് ഓഫിസർമാരായ ഗുജറാൾ മഹേഷ്, സിബി ഹരിലാൽ, ശ്യാംജിത്, ഷാഡോ ടീമംഗമായ പ്രശാന്ത് പി എന്നിവരും ഉണ്ടായിരുന്നു.