കൊച്ചി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതി പൂർത്തീകരണത്തിന്റേയും, പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യസമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറിയതിന്റെയും പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക്, മുൻസിപ്പാലിറ്റി, പഞ്ചായത്ത്, സ്‌കൂൾ തലങ്ങളിലും പ്രഖ്യാപന ചടങ്ങുകൾ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ എം.എൽ.എ മാരായ ടി. ജെ. വിനോദ് , എം സ്വരാജ്, വി. ഡി. സതീശൻ, റോജി എം. ജോൺ , വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, അനൂപ് ജേക്കബ്, ആന്റണി ജോൺ, പി. ടി. തോമസ്, ജോൺ ഫെർണാണ്ടസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
ജി. എച്ച്. എസ്.എസ് എറണാകുളം, ജി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ജി.എച്ച്. എസ്.എസ് എളങ്കുന്നപ്പുഴ, ജി.ബി.എച്ച്.എസ്.എസ് പറവൂർ, ജി.എച്ച്.എസ്.എസ് നായത്തോട്, സെൻറ് പീറ്റേഴ്‌സ് എച്ച്. എസ്. എസ് കോലഞ്ചേരി , ജി.ബി.എച്ച്. എസ്. എസ് പെരുമ്പാവൂർ , ജി. എച്ച്. എസ്. എസ് മുളന്തുരുത്തി, സെന്റ് ജോർജ് എച്ച്. എസ്. എസ് കോതമംഗലം, ജി.എച്ച്.എസ്. എസ് ഇടപ്പള്ളി, ജി. എച്ച്. എസ്. എസ് ഇടക്കൊച്ചി, ജി. എച്ച്. എസ്. എസ് ആറൂർ, സെൻറ് അഗസ്റ്റിൻസ് എച്ച്. എസ്. എസ് മുവാറ്റുപുഴ എന്നീ സ്‌കൂളുകളിലാണ് ജില്ലയിൽ പ്രഖ്യാപന ചടങ്ങുകൾ നടന്നത്.
#പദ്ധതിചെലവ് 59.93 കോടി
ജില്ലയിൽ കിഫ്ബിയിൽ നിന്നും 46.5 കോടിയും പ്രാദേശികതലത്തിൽ 13.43 കോടിയും ഉൾപ്പെടെ 59.93 കോടി രൂപ ചെലവായിട്ടുണ്ട്.
# ജില്ലയിൽ 1339 സർക്കാർ-എയിഡഡ് സ്‌കൂളുകൾ
സർക്കാർ-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളുള്ള 863 ഉം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 476ഉം ഉൾപ്പെടെ മൊത്തം 1339 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂർത്തിയായത്.
ഇതിന്റെ ഭാഗമായി 8811 ലാപ്‌ടോപ്പ്, 5412 മൾട്ടിമീഡിയ പ്രൊജക്ടർ, 7363 യു.എസ്.ബി. സ്പീക്കർ, 3482 മൗണ്ടിംഗ് അക്‌സസറീസ്, 1916സ്‌ക്രീൻ, 431 ഡി.എസ്.എൽ.ആർ ക്യാമറ, 407 മൾട്ടിഫംഗ്ഷൻ പ്രിന്റർ, 476 എച്ച്.ഡി വെബ്ക്യാം, 443 43'' ടെലിവിഷൻ എന്നിവ സ്കൂളുകളിൽ സ്ഥാപിച്ചു. 1041 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ജില്ലയിൽ 192 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 10335 അംഗങ്ങളുണ്ട്. 14206 അദ്ധ്യാപകർ ജില്ലയിൽ പ്രത്യേക ഐടി പരിശീലനം നേടി.