parvathi

ഇടവേള ബാബുവിന് രൂക്ഷവിമർശനം

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് നടിയും, സിനിമയിലെ വനിതാ കൂട്ടായ്‌മയുടെ സജീവാംഗവുമായ പാർവതി തിരുവോത്ത് രാജിവച്ചു. അക്രമത്തിനിരയായ യുവനടിയെക്കുറിച്ച് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അവഹേളനാപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് രാജി. ബാബു രാജിവയ്ക്കണമെന്നും പാർവതി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നലെ രാജി പ്രഖ്യാപിച്ചത്. അമ്മയുടെ പ്രവർത്തനത്തിൽ മാറ്റംവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായും നടി പറഞ്ഞു. അമ്മ നിർമ്മിക്കാൻ ആലോചിക്കുന്ന ട്വന്റി ട്വന്റി സിനിമയുടെ രണ്ടാം ഭാഗത്തിൽ, അക്രമത്തിനിരയായ നടിക്ക് വേഷമുണ്ടാകില്ലെന്ന് ഒരു അഭിമുഖത്തിൽ ബാബു സംസാരിച്ചതാണ് പാർവതിയെ പ്രകോപിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

"2018 ൽ എന്റെ സുഹൃത്തുക്കൾ അമ്മയിൽ നിന്ന് പിരിഞ്ഞുപോയപ്പോൾ ഞാൻ സംഘടനയിൽ തുടർന്നത് തകരുന്ന സംവിധാനത്തിനകത്തു നിന്ന് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണമെന്നു തോന്നിയതുകൊണ്ടാണ്. പക്ഷേ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടശേഷം സംഘടനയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

സംഘടന തഴഞ്ഞ വനിതാ അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തി അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേയെന്ന് ബാബു കരുതുന്നുണ്ടാവും. അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രം. മാദ്ധ്യമങ്ങൾ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുകയെന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ അമ്മയിൽ നിന്നു രാജിവയ്ക്കുന്നു. ഇടവേളബാബു രാജി വയ്ക്കണമെന്ന് ഞാൻ ശക്തമായി ആവശ്യപ്പെടുന്നു. മനഃസാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ടുവരുമെന്ന് ആകാംക്ഷയോടെ ഞാൻ നോക്കിക്കാണുന്നു."