കൊച്ചി : മാലിന്യ സംസ്‌കരണത്തിന് സർക്കാർ കൊണ്ടുവരുന്ന പുതിയ സംവിധാനം കടുത്ത സാമ്പത്തികബാദ്ധ്യത ഉണ്ടാക്കുമെന്നതിനാൽ പുന: പരിശോധിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കുന്നതിൽ നിന്ന് ജി.ജെ.എക്കോപവർ കമ്പനിയെ ഒഴിവാക്കിയശേഷം പുതിയ കമ്പനിയെ കണ്ടെത്താൻ കെ.എസ്.ഐ.ഡി.സിയെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിനായി അവർ മുന്നോട്ടുവെച്ച് ടെൻഡർ നിബന്ധനകൾ കോർപ്പറേഷന് കടുത്ത ബാദ്ധ്യതയാകുമെന്നാണ് ആക്ഷേപം.
പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് വോട്ടിനിട്ടാണ് പ്രമേയം പാസാക്കിയത്. പുതിയ ടെൻഡർ നിബന്ധന പ്രകാരം ഒരുടൺ മാലിന്യം ടെൻഡർ എടുക്കുന്ന കമ്പനി ബ്രഹ്മപുരത്ത് എത്തിച്ചാൽ 3450 രൂപ കോർപ്പറേഷൻ നൽകണം. ജി.ജെ.എക്കോ പവറുമായി ഉണ്ടാക്കിയിരുന്ന കരാർ പ്രകാരം കോർപ്പറേഷൻ മാലിന്യം എത്തിച്ചുകൊടുക്കണമായിരുന്നു. മാലിന്യത്തിൽനിന്നന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വില്പന നടത്തുമ്പോൾ ഉണ്ടാകുന്ന വിലവ്യത്യാസം നികത്തുന്ന ബാദ്ധ്യതയായിരുന്നു കോർപ്പറേഷന് ഉണ്ടായിരുന്നത്.
ബ്രഹ്മപുരത്തെ സ്ഥലത്തിന് പാട്ടത്തുകയായി 1.20 കോടി വർഷം കോർപ്പറേഷന് ലഭിക്കുമായിരുന്നു. അഞ്ഞൂറു ടൺ മാലിന്യം സംസ്‌കരിച്ചാൽ ആദ്യത്തെ 250 ടണ്ണിൽ നിന്ന് ലഭിക്കുന്ന പണം ജി.ജെ. എക്കോ പവർ എടുക്കുകയും തുടർന്നുള്ള 250 ടണ്ണിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഇരുപത് ശതമാനം കോർപ്പറേഷന് നൽകുകയും ചെയ്യണം.
എന്നാൽ പുതിയ വ്യവസ്ഥപ്രകാരം ഇങ്ങോട്ട് പണം കിട്ടുന്നതിനുള്ളതൊന്നും ഇല്ല. കമ്പനി മാലിന്യം എടുത്തുകൊണ്ടുപോയി ബ്രഹ്മപുരത്ത് എത്തിച്ചാൽ അവർക്ക് പണം നൽകേണ്ട സ്ഥിതിയാണ്. അവർ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന ഉറപ്പ് വരുത്താൻ സംവിധാനമില്ല. വൈദ്യുതി ഉല്പാദനത്തിന്റെ തോതിനനുസരിച്ചല്ല അവർക്ക് ലാഭം കിട്ടുന്നത്. ഇതെല്ലാം പദ്ധതിയുടെ ഭാവി തന്നെ അനിശ്ചിതാവസ്ഥയിലാക്കുന്നതാണ്. കോർപ്പറേഷന് കടുത്ത സാമ്പത്തികബാദ്ധ്യത വരുത്തുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുതിർന്ന കോൺഗ്രസ് അംഗം എ.ബി. സാബുവാണ് അവതരിപ്പിച്ചത്. ഇടതുമുന്നണി പ്രമേയത്തെ എതിർത്തു. വോട്ടിംഗിൽ ഭരണപക്ഷത്തിന് 34 വോട്ടും പ്രതിപക്ഷത്തിന് 23 വോട്ടും ലഭിച്ചത്. ബി.ജെ.പി ഭരണപക്ഷത്തെ അനുകൂലിച്ചു.