
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തെ തുടർച്ചയായ ചോദ്യംചെയ്യലിന് ശേഷം ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ശിവശങ്കർ നൽകിയ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യാനാണ് കസ്‌റ്റംസ് തീരുമാനം.
അഞ്ചാം തവണയാണ് കസ്റ്റംസ് മാത്രം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നത്. ആദ്യം പറഞ്ഞ മൊഴികളിൽ പലതും കഴിഞ്ഞ ദിവസത്തെ ചോദ്യചെയ്യലിൽ ശിവശങ്കർ മാറ്റിപ്പറഞ്ഞിരുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരമേ പറഞ്ഞിട്ടില്ല. ചില നിർണായക വിവരങ്ങൾ ഒളിക്കുന്നതായാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. പറഞ്ഞ ചില കാര്യങ്ങളിൽ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കസ്റ്റംസ് മാത്രം ഇതുവരെ 40 മണിക്കൂർ ശിവശങ്കറിനെ ചോദ്യംചെയ്തു . ശിവശങ്കർ അറസ്റ്റിലാവുമെന്ന അഭ്യൂഹവുമുണ്ട്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല.