
കൊച്ചി: സിനിമയുടെ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയ നടനും സംവിധായകനുമായ ശ്രീനിവാസൻ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ 'ശ്രീനി ഫാംസ്' എന്ന പേരിൽ പുതിയ സംരംഭവുമായി രംഗത്ത്. ജൈവകൃഷിയിൽ താത്പര്യമുള്ളവരുടെയും കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും കാർഷിക ഗവേഷകരുടെയും കൂട്ടായ്മയാണ് ശ്രീനി ഫാംസ്. ശാസ്ത്രീയമായ രീതിയിൽ ജൈവകൃഷി വ്യാപിപ്പിക്കുക, വിഷരഹിത ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. എറണാകുളം ജില്ലയിലെ കണ്ടനാട്ടെ വസതിയോട് ചേർന്ന് നെല്ലും പച്ചക്കറിയും ഉൾപ്പെടെ ജൈവരീതിയിൽ ശ്രീനിവാസൻ കൃഷിചെയ്യുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ സംരംഭം. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്നും സംരംഭത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.
കയറ്റുമതിയും ഓൺലൈൻ വില്പനയും
ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് ആദ്യഘട്ടം.
വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിൽ കൃഷി വ്യാപിപ്പിക്കും.
ജൈവകർഷകരുടെ കൂട്ടായ്മ രൂപീകരിക്കും
ജൈവ ഉത്പന്നങ്ങൾക്ക് ജില്ലകൾതോറും വിപണനകേന്ദ്രം
പച്ചക്കറികളുടെയും പഴങ്ങളുടെയും ധാന്യങ്ങളും കയറ്റുമതി ചെയ്യും
2021 ജനുവരിയിൽ ഉത്പന്നങ്ങൾ വിൽക്കാനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കും.
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, വിത്തുകൾ, വളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ ഓൺലൈൻ വഴി വിൽക്കും
രണ്ടാം ഘട്ടത്തിൽ ലാബും
അത്യാധുനിക ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഗവേഷണത്തിന് ബയോടെക്നോളജി വിഭാഗം ലാബ് സംവിധാനവും ഒരുക്കും. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും കേരള കാർഷിക സർവകലാശാലയും സാങ്കേതിക സഹായം നൽകും
പങ്കാളികളാകാം
താത്പര്യമുള്ള ജൈവകർഷകർ, ജൈവ കർഷക കൂട്ടായ്മകൾ, ജൈവകൃഷിയിൽ പ്രാഗല്ഭ്യമുള്ളവർ എന്നിവർക്ക് സഹകരിക്കാം. പേര്, ജില്ല, പഞ്ചായത്ത്, സ്ഥലത്തിന്റെ വിസ്തൃതി, നിലവിലെ കൃഷിയുടെ വിശദാംശങ്ങൾ, പ്രാഗല്ഭ്യം, മൊബൈൽ നമ്പർ എന്നിവ ചേർത്ത് 9020600300.എന്ന നമ്പരിലേക്ക്
വാട്സാപ്പ് സന്ദേശം അയയ്ക്കാം.
ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. വിദേശരാജ്യങ്ങളിൽ പ്രചാരമുള്ള ആധുനികമായ ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കണം.
-ശ്രീനിവാസൻ