കോതമംഗലം: കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന്റെ കീഴിലെ എൻ.ജി.ഒ ആയ കൊച്ചി സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ ഈ വർഷത്തെ എ.പി.ജെ അബ്ദുൾ കലാം അവാർഡ് രൂപ നായർക്ക്. 13 വർഷത്തെ അദ്ധ്യാപന പരിചയമുള്ള രൂപ നായരുടെ വിവിധ മേഖലകളിലെ പ്രശംസനീയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് . അദ്ധ്യാപനത്തോടൊപ്പം വിദ്യാർത്ഥികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക സംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് രൂപ നായരെ അവാർഡിനായി തിരഞ്ഞെടുത്തത്.മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15ന് തൃശൂരിൽ വച്ചാണ് അവാർഡ് നൽകുന്നത്. മികച്ച അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡും രൂപ നായർക്കാണ് ലഭിച്ചത്. മൂന്ന് വർഷമായി മാതിരപ്പിള്ളി സർക്കാർ വി.എച്ച്.എസ് എസിലെ പ്രിൻസിപ്പലായി പ്രവർത്തിക്കുന്നു. ഭർത്താവ് പ്രേംജിത്ത് ലാൽ മക്കൾ ആദിത്യ, അദിതി.