colour-fish

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ വിപണിയില്ലാതെ തകർന്ന് ജില്ലയിലെ അലങ്കാര മത്സ്യ കർഷകർ.ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് മുതൽ വിപണി കുറഞ്ഞതിനാൽ ഉൽപാദിപ്പിച്ച അലങ്കാര മത്സ്യങ്ങളെല്ലാം വിറ്റ് പോകാതെ ഫാമുകളിൽ സൂക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു കർഷകർ.അലങ്കാര മത്സ്യങ്ങളെ മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കുമെല്ലാം കയറ്റി വിട്ടു കെ‍ാണ്ടിരുന്നതാണ് ഏറെ കർഷകരും. എന്നാൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതും പ്രതിസന്ധിയിലായി.

പോക്കറ്റ് കാലിയാകുന്നു

ചെറിയ വിലയുള്ള ഗപ്പി മുതൽ വലിയ വിലയുള്ള അറോണ അടക്കമുള്ള മത്സ്യങ്ങൾ വരെ കർഷകരുടെ കൈയിലുണ്ട്. ഇവയുടെ ഭക്ഷണത്തിനും മറ്റുമായുള്ള ചെലവും കർഷകൻ കണ്ടെത്തേണ്ട അവസ്ഥയാണ്. വലിയ തോതിൽ അലങ്കാര മത്സ്യം കൃഷി ചെയ്യുന്നവർ വിദേശ രാജ്യങ്ങളിൽ നിന്നെല്ലാമാണ് ഇതിന് ആവശ്യമായ ഭക്ഷണ വസ്തുക്കൾ വരുത്തുന്നത്.അവിടങ്ങളിൽ കൊവിഡിന്റെ ഭാഗമായുള്ള നിരോധനമുള്ളതിനാൽ ആവശ്യമായ ഭക്ഷണ വസ്തുക്കൾ ലഭിക്കാത്ത അവസ്ഥയാണ്.

വിപണിയും കുറഞ്ഞു

ഓൺലൈൻ സംവിധാനത്തിൽ ധാരാളം അലങ്കാരമത്സ്യങ്ങൾ വിറ്റിരുന്നെങ്കിലും ഇപ്പോൾ ഈ രീതിയിൽ വിപണനം കുറവാണ്. അലങ്കാര മത്സ്യങ്ങൾ വിറ്റ് പോകാത്തതിനാൽ ഫാമുകളിലെ മത്സ്യങ്ങളുടെ ഉൽപാദനവും കർഷകർ കുറച്ചിട്ടുണ്ട്. നിയന്ത്രണം തുടർന്നാൽ അലങ്കാര മത്സ്യ വിപണി സജീവമാകാൻ വീണ്ടും വൈകും. ജില്ലയിൽ അലങ്കാര മത്സ്യങ്ങളുടെ വില്പന നടത്തുന്ന 400 ഓളം കടകളാണുള്ളത്. മത്സ്യങ്ങൾക്ക് ഭക്ഷണം ദിവസവും നൽകണം. എന്നാൽ വിപണിയില്ലാത്തത് വിൽപ്പനക്കാരേയും പ്രതിസന്ധിയിലാക്കുന്നു.

ഭാഗ്യ മത്സ്യങ്ങൾക്കും വിപണി കുറവ്

അക്വേറിയത്തിൽ പലരും മത്സ്യത്തെ വളർത്തുന്നത് വെറും കൗതുകത്തിനൊ വീട് അലങ്കരിക്കാനൊ മാത്രമല്ല. വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരാൻ ഈ മത്സ്യങ്ങൾക്ക് കഴിവുണ്ടത്രെ. ഫെങ്ഷുയി പ്രകാരം ഹോൺ മത്സ്യം, ഡ്രാഗൺ കാർപ്പ്, ഗോൾഡ് ഫിഷ് , ഫെങ്ഷൂയി മത്സ്യം അരോവണ എന്നിവ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതുന്നു. എന്നാൽ ഭാഗ്യ മത്സ്യങ്ങൾ ഇപ്പോൾ വിപണിയില്ലാത്ത അവസ്ഥയാണ്.

.