fish

കൊച്ചി : കൊവിഡ് കാലത്ത് മലയാളിയുടെ പ്രിയ വിഭവമാവുകയാണ് കുളങ്ങളിലും ടാങ്കുകളിലും വളർത്തുന്ന ശുദ്ധജല മത്സ്യങ്ങൾ. അയലയും മത്തിയും ഉൾപ്പെടെ കടൽമത്സ്യങ്ങൾക്ക് ക്ഷാമമേറിയപ്പോൾ ശുദ്ധജല മത്സ്യങ്ങൾ തീൻമേശകൾ കീഴടക്കി. ഇത് നേട്ടമായത് മത്സ്യകർഷകർക്കും.

ലാഭകരമായ തൊഴിൽ

കൊവിഡ് കാലത്ത് ലാഭകരമായ തൊഴിലായിരിക്കുകയാണ് ശുദ്ധജല മത്സ്യക്കൃഷി. സ്വന്തമായി കുളമുണ്ടെങ്കിൽ വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം. പുതുതായി മത്സ്യക്കൃഷി ആരംഭിക്കാൻ ഒട്ടേറെപ്പേർ തയ്യാറാകുന്നുണ്ട്.കട്ല, രോഹു, മൃഗാല എന്നീ മത്സ്യങ്ങളടങ്ങുന്ന കാർപ്പ് കൃഷിയാണ് കൂടുതൽ പേർ സ്വീകരിക്കുന്നത്. കാർപ്പ്കൃഷി മീനുകൾക്ക് ഒരുവർഷം കൊണ്ട് ഒന്നു മുതൽ ഒന്നരക്കിലോഗ്രാം വരെ തൂക്കത്തിൽ വളരും. ഒരു ഹെക്ടർ കുളത്തിൽ നിന്ന് 4 - 5 ടൺ വരെ വിളവെടുക്കാം. അഞ്ചുലക്ഷം രൂപയാണ് ഹെക്ടറിന് ചെലവ്. കിലോഗ്രാമിന് 150 രൂപ നിരക്കിൽ വില്പന നടത്തിയാൽ മൂന്നു ലക്ഷം രൂപ വരെ ലാഭമുണ്ടാകും.

70 ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ

കുളങ്ങളുണ്ടെങ്കിലും കൊച്ചിക്കാർക്ക് അധികം പരിചിതമല്ലാത്ത കൃഷിയായിരുന്നു മത്സ്യക്കൃഷി. കഴിഞ്ഞവർഷം സ്വകാര്യ പൊതുകുളങ്ങളിലും ചെറിയ ജലാശയങ്ങളിലുമായി 800 ഹെക്ടർ സ്ഥലത്താണ് മത്സ്യക്കൃഷിയിറക്കിയത്. 40 ലക്ഷം മത്സ്യക്കുഞ്ഞുകളെ നിക്ഷേപിച്ചു. ഇതിന്റെ വിളവെടുപ്പ് നടക്കുന്നു. മുവാറ്റുപുഴ, കോതമംഗലം, കണയന്നൂർ, ആലുവ താലൂക്കുകളിലാണ് കൂടുതലായും കൃഷിയുള്ളത്. ഇത്തവണ 1,000 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. 70 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഈ കൊവിഡ് കാലത്ത് നിക്ഷേപിച്ചിരിക്കുന്നത്

മത്സ്യകൃഷിക്ക് കൂടുതൽ പിന്തുണ

വീട്ടുവളപ്പിലെ കൃഷിക്ക് കുറഞ്ഞത് രണ്ട് സെന്റിലുള്ള ജലാശയം വേണം. അരമീറ്റർ താഴ്ചയിൽ കുഴിയെടുത്ത് മുകളിൽ ടാർപ്പോളിൻ പോലുള്ള ഷീറ്റുവിരിച്ച് കൃഷി ചെയ്യാം. അഞ്ചുമീറ്റർ വ്യാസമുള്ള ടാങ്കിൽ ബാക്ടീരിയയെ വളർത്തി മത്സ്യക്കൃഷി നടത്തുന്നതാണ് ബയോ ഫ്ളോക്ക് കൃഷി. ഫിഷറീസ് വകുപ്പിന്റെയും തദ്ദേശസ്ഥാപനത്തിന്റെയും ഫണ്ടുപയോഗപ്പെടുത്തി നടപ്പാക്കുന്ന ഈ പദ്ധതികൾക്ക് 40 ശതമാനം സബ്സിഡിയുണ്ട്. ജനകീയ മത്സ്യക്കൃഷിപദ്ധതിവഴി ശാസ്ത്രീയ സമ്മിശ്ര കാർപ്പ്കൃഷി, ആസാംവാള കൃഷി, നൈൽ തിലാപ്പിയ കൃഷി, റീസർക്കുലേറ്ററി അക്വകൾച്ചർ സിസ്റ്റം, കരിമീൻ വിത്തുപരിപാലന യൂണിറ്റുകൾ, കൂടുമത്സ്യക്കൃഷി തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

ഡോ. സീമാ സി.

അസി. ഡയറക്ടർ

ഫിഷറീസ് വകുപ്പ്

നല്ല കാലം

കൊവിഡ് കാലമായതോടെ കുളത്തിലെ മീനിന് ആവശ്യക്കാരേറെയാണ്. അവധി ദിവസങ്ങളിൽ 100 കിലോഗ്രാം മീൻവരെ വിറ്റുപോകുന്നുണ്ട്. ഇത്രയും വില്പന മുമ്പുണ്ടായിട്ടില്ല. മറ്റ് കൃഷികളെ അപേക്ഷിച്ച് മത്സ്യക്കൃഷി ലാഭമാണ്. വലിയ മുതൽമുടക്കില്ല. മീനിന്റെ തീറ്റയ്ക്കുള്ള പണമുൾപ്പെടെ വകുപ്പ് തരുന്നുണ്ട്. ഈ സമയത്ത് മത്സ്യക്കൃഷിയിൽ നിന്നുള്ള വരുമാനം വലിയ ആശ്വാസമാണ്

ജോസ് മാത്യു

ശുദ്ധജലമത്സ്യ കർഷകൻ