പറവൂർ: കയറിക്കിടക്കാൻ വീടുവെയ്ക്കാൻ മൂന്നും നാലും സെന്റ് ഭൂമി വാങ്ങിയ പതിനെട്ട് കുടുംബങ്ങൾക്ക് സ്വന്തമായി വാങ്ങിയ സ്ഥലത്തേയ്ക്ക് കടക്കാൻ വഴിയില്ല. ഇല്ലാത്ത വഴി ആധാരത്തിൽ എഴുതി ചേർത്താണ് ഇവരെ വഞ്ചിച്ചതെന്നാണ് ആക്ഷേപം. തട്ടിപ്പിന് ഇരയായ കുടുംബങ്ങൾ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി വൈകുന്നതായി പരാതി. വടക്കേക്കര വില്ലേജിൽ മാച്ചാംതുരുത്തിലാണ് തട്ടിപ്പ് നടന്നത്. ടാർ റോഡിൽ നിന്നും അറുപത് മീറ്ററോളം ഉള്ളിലേയ്ക്കുള്ള സ്ഥലത്തേക്ക് മൂന്നു മീറ്റർ വീതിയിൽ വഴിയുള്ളതായി ആധാരത്തിലുള്ളത്. വഴി സംബന്ധിച്ചു വില്ലേജ് ഓഫീസിൽ നിന്നുള്ള സ്കെച്ചുമുണ്ട്. ആധാരം രജിസ്ട്രർ ചെയ്തു പോക്ക് വരവു നടത്തി കരം അടച്ച രസീതോടുകൂടിയാണ് പലർക്കും ഭൂമി കൈമാറിയിട്ടുള്ളത്. എന്നാൽ വീട് നിർമ്മിക്കുക്കുന്നതിനുള്ള സാധനങ്ങൾ കൊണ്ടുവരാൻ വഴി ഉപയോഗിച്ചപ്പോഴാണ് യഥാർത്ഥ വസ്തു ഉടമ എതിർപ്പ് അറിയിച്ചത്. ഭൂമി വാങ്ങിയവരിൽ രണ്ടുപേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. പട്ടികജാതി വികസന വകുപ്പിന്റെ ഭൂരഹിത ഭവന രഹിതർക്കള്ള ഭവന പദ്ധതിയിൽ ലഭിച്ച പണം ഉപയോഗിച്ചാണ് ഇവർ ഈ സ്ഥലം വാങ്ങിയത്. മറ്റുള്ള ഒരാൾക്ക് ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ട്. റോഡില്ലാത്തതിനാൽ പതിനെട്ട് കുടുംബങ്ങൾക്കും വീട് നിർമ്മാണം തുടങ്ങാനായിട്ടില്ല.