
കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിലെ പ്രതികൾ കള്ളപ്പണം സമ്പാദിച്ചെന്നാരോപിച്ച് ഇ. ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) രജിസ്റ്റർചെയ്ത കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് കോടതി സ്വാഭാവികജാമ്യം അനുവദിച്ചു. കേസിൽ കസ്റ്റഡിയിലായി 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന നൽകിയ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്ക് രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. എന്നാൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് കൊഫെപോസ ചുമത്തിയതിനാലും എൻ.ഐ.എ രജിസ്റ്റർചെയ്ത കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാലും സ്വപ്നയ്ക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.
പ്രാഥമിക കുറ്റപത്രം നൽകിയത് 62 -ാം ദിവസം
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾ കള്ളപ്പണം സമ്പാദിച്ചെന്ന് വിലയിരുത്തി ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ ഒമ്പതിന് പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു. എന്നാൽ ഇതു 62 -ാമത്തെ ദിവസം ആണെന്നായിരുന്നു സ്വപ്‌നയുടെ വാദം. ഇ.ഡിക്കു വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ സൂര്യപ്രകാശ്. വി. രാജു ഇതിനെ എതിർത്തു. സ്വപ്ന ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ 60 ദിവസം കഴിഞ്ഞിട്ടില്ലെന്നും ആ നിലയ്ക്ക് സ്വാഭാവിക ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു വാദം. ഇതു തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കസ്റ്റംസ് കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എൻ.ഐ.എ കേസിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്.