പറവൂർ: ദാക്ഷായണിയ്ക്കും ആറുമക്കൾക്കും മൂന്നുനില ഫ്ളാറ്റിൽ ഒരുമിച്ചു താമസിക്കാം. പറവൂർ നഗരസഭ ഇരുപത്തിയൊന്നാം വാർഡിൽ മരട്ടിപ്പറമ്പിൽ ദാക്ഷായിണി, മക്കളായ ശശി, രാജേഷ്, കണ്ണൻ, സെൽവൻ, പ്രേംകുമാർ, വിജയ എന്നിവർക്കാണ് പി.എം.എ.വൈ – ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഫ്ളാറ്റ് ഉയന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കുടുംബത്തിലെ ആറു പേർക്ക് സർക്കാർ ഭവനപദ്ധതി പ്രകാരം ഫ്ലാറ്റ് നിർമ്മിച്ചു നൽകുന്നത്. ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ള ഫ്ലാറ്റിൽ രണ്ടു മുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നിവയുണ്ട്. എല്ലാവർക്കുമായി പൊതുവായി സ്റ്റെയർകേയ്സ് നിർമ്മിച്ചിട്ടുള്ളത്. മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം താമസയോഗ്യമല്ലാത്ത ഒരു വീടാണ് ഇവർക്ക് നേരത്തെ ഉണ്ടായിരുന്നത്. ഇവിടെയാണ് പുതിയ ഫ്ലാറ്റ് നിർമ്മിച്ചത്. ദാക്ഷായിണിയുടെ ഒരു മകൻ മധുവിനു സ്വന്തമായി വീടുണ്ട്. മറ്റു മക്കൾ എല്ലാവരും സർക്കാർ ഭവന പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. 450 ചതുരശ്രയടിയുള്ള വീട് പണിയാൻ ഓരോ കുടുംബത്തിനും 4.25 ലക്ഷം രൂപ വീതം അനുവദിച്ചു. പിന്നീട് ആറു പേർക്കായി ഫ്ലാറ്റ് നിർമ്മിക്കാൻ തീരുമാനിച്ച് സർക്കാരിന്റെ അംഗീകാരം വാങ്ങിയത്. ഫ്ലാറ്റ് നിർമിക്കുമ്പോൾ ഗഡുക്കളായി പണം അനുവദിക്കുന്നതിനുണ്ടായ സാങ്കേതിക പ്രശ്നം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ ഇടപെട്ടു പരിഹരിച്ചതിനാൽ നിർമ്മാണം വേഗത്തിലായി. കേന്ദ്ര, സംസ്ഥാന, നഗരസഭ വിഹിതം ഉൾപ്പെടെ 25.25 ലക്ഷം രൂപയാണ് മുന്നുനില ഫ്ളാറ്റിന്റെ നിർമ്മാണ ചെലവ്. താക്കോൽദാനം അടുത്തയാഴ്ച മന്ത്രി നിർവഹിക്കും.