sivasankar

കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ അന്വേഷണ ഏജൻസികൾ കുരുക്ക് മുറുക്കിയതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ശ്രമം തുടങ്ങി. ഇന്നലെ കൊച്ചിയിലെത്തിയ ശിവശങ്കർ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തിനുള്ളിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന.അഞ്ചാംതവണയും ശിവശങ്കറിനെ ചോദ്യംചെയ്യാൻ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഈ കേസിൽ അറസ്‌റ്റിലാകുമെന്ന അഭ്യൂഹം കുറെ ദിവസമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കർ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കൊച്ചിയിൽ ചോദ്യംചെയ്‌തപ്പോൾ ഈ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താൻ ഓഫീസിന് സമീപമെത്തിയെങ്കിലും ചാനൽ കാമറകൾ കണ്ടതോട‌െ പിൻവലിഞ്ഞു. തെറ്റൊന്നും ചെയ്യാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കേണ്ടെന്നായിരുന്നു ശിവശങ്കറിന്റെ മുൻനിലപാട‌്. കസ്‌റ്റംസ് തുടർച്ചയായി ചോദ്യംചെയ്‌തതോടെ ശിവശങ്കർ പല മൊഴികളും മാറ്റിപ്പറഞ്ഞു. ചിലതിന് മറുപടി നൽകിയുമില്ല.അഞ്ചാംതവണ ചോദ്യംചെയ്യലിന് ഇന്നലെ ഹാജരാകാനായിരുന്നു കസ്‌റ്റംസ് നിർദേശം. എന്നാൽ മൊഴികൾ കൂടുതൽ വിലയിരുത്തേണ്ടതുള്ളതിനാൽ വരേണ്ടെന്ന് കസ്‌റ്റംസ് ശിവശങ്കറിനെ അറിയിക്കുകയായിരുന്നു.