ഫോർട്ടുകൊച്ചി: ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങിയ യുവാക്കളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു.ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരിസരവാസികളായ ഷാനു (20) സബാദ് (20) റിസാൽ (20) അക്ഷയ് (20) ആസിഫ് (20) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഷാനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നും ഭയന്ന് ഓടിയപ്പോൾ യുവാക്കൾ കല്ലിൽ തട്ടി വീണാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ ഭാഗത്ത് മയക്കമരുന്ന് സംഘത്തിന്റെ ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ്.സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ്, വീഫോർ കൊച്ചി എന്നീ സംഘടനകൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുട്ടം കൂടി സമരം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു.എം.എ.ആഷിക്ക്, പി.എച്ച്.നാസർ, കെ.എ. മനാഫ്, അഫ്സൽ അലി എന്നിവർ സംബന്ധിച്ചു. വിഷയത്തിൽ സബ്കളക്ടർക്ക് പരാതി നൽകി.