മൂവാറ്റുപുഴ: നഗരസഭ പരിധിയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതോടെ കൂടുതൽ നിയന്ത്രണങ്ങളും ചിട്ടയായ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് മൂവാറ്റുപുഴയിൽ ചേർന്ന ഉന്നതല യോഗം വിലയിരുത്തി. 122 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും170 പേർക്ക് രോഗം സുഖപ്പെട്ടതായും ഡോ: കെ.എൻ.സതീശൻ പറഞ്ഞു. രോഗികളുടെ ചികിത്സക്കായി നിലവിൽ ക്രമീകരിച്ചിരുന്ന ഐസോലേഷൻ വാർഡും, നഗരസഭയുടെ പേ വാർഡും ഉൾപ്പെട്ട 42 രോഗികളെ ഒരേ സമയം ചികിത്സിക്കാൻ കഴിയുന്ന വിധമുള്ള സൗകര്യം അടിയന്തരമായി ഒരുക്കും. ഇതിനായി അധിക ജീവനക്കാരെയും, ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും വേഗതയിൻ ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു. ഡൊമിസിലറി കെയർ സെന്റർ ഇതിനകം പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 6 മാസം നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിൽ പോരായ്മകൾ കണ്ടെത്തിപരിഹരിക്കാനും തീരുമാനിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവ പ്രഖ്യാപിക്കുന്ന വിവരവും അനുബന്ധ പ്രവർത്തനങ്ങളും കൂടി ആലോചിച്ച് ചെയ്യും .ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിനായി ശുപാർശ ചെയ്യപ്പെടുന്ന പ്രദേശത്തെ കൗൺസിലറും, ഹെൽത്ത് ഇൻസ്പെക്ടർ, പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് എസ്.ഐ, നഗരസഭ സെക്രട്ടറി, മർച്ചന്റ് പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന പ്ലാറ്റ്ഫോം രൂപീകരിക്കും. നിയന്ത്രണ പരിധിയിൽ മരുന്ന്, അവശ്യസാധനങ്ങൾ ഇവയുടെ ലഭ്യത ഉറപ്പുവരുത്താൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ 5 അംഗ സന്നദ്ധ സേന രൂപീകരിച്ച് 28 വാർഡിലും പ്രവർത്തിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരനും, വൈസ് ചെയർമാൻ പി.കെ.ബാബുരാജും അറിയിച്ചു.നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ പോലീസ് നടപടി സ്വീകരിക്കും. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ, ആർ.ഡി.ഒ.ചന്ദ്രശേഖരൻ നായർ, തഹസിൽദാർ കെ.എസ് സതീശൻ, എസ്.ഐ. ശശികുമാർ ,മർച്ചന്റ് അസോസിയേഷൻ പ്രതിനിധി പി.യു.ഷംസുദ്ദിൻ, ഡോ: കെ.എൻ. സതീശൻ, ജെ.എച്ച്.ഐ.കെ.എസ്.സുരേഷ് എന്നിവർ സംസാരിച്ചു.

പായിപ്രയിൽ ഇന്ന് സർവ്വകക്ഷി യോഗം

കൊവിഡ് വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുന്നതിനുമായി ഇന്ന് വൈകിട്ട് 3ന് പായിപ്ര കവലയിലെ കെ.വൈ.എസ് ഹാളിൽ അടിയന്തര മീറ്റിംഗ് ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസ് അറിയിച്ചു.