തൃക്കാക്കര : മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും വിമുക്തി നേടിയവരുടെ അഭയകേന്ദ്രമായ കാക്കനാട് ആശാഭവൻ ജില്ലാ കളക്ടർ എസ്. സുഹാസ് സന്ദർശിച്ചു. മാസ്‌ക്, സാനിറ്റൈസർ, തലയണ, ഡിസ്‌പോസിബിൾ ജഗുകൾ, പാത്രങ്ങൾ തുടങ്ങിയവ കൈമാറി. 50 താമസക്കാരാണ് ഇവിടെയുള്ളത്. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര കർമ്മ പദ്ധതി നടപ്പാക്കുകയാണ് ജില്ലാ ഭരണ കേന്ദ്രവും സമൂഹ്യ നീതി വകുപ്പും. ഇതിന്റെ ഭാഗമായി ജില്ലയിൽ ആകെയുള്ള 263 ഓൾഡ് ഏജ് ഹോമുകളിലും ആന്റിജൻ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും ഇത്തരം ഹോമുകളിലുള്ളവർ ഇപ്പോൾ സുരക്ഷിതരാണെന്നും കളക്ടർ പറഞ്ഞു. അതിനാൽ ഇവിടെ പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നതിനു കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ ആർടിപിസി പരിശോധന നടത്തി മാത്രമേ പ്രവേശനം നടത്തൂ. നേരത്തേ ചിൽഡ്രൻസ് ഹോമിലും ഗവ. ഓൾഡ് ഏജ് ഹോമിലും കളക്ടർ വസ്ത്രങ്ങളും മാസ്‌ക്, സാനിറ്റൈസർ, ബക്കറ്റ് തുടങ്ങിയവ വിതരണം ചെയ്തിരുന്നു. കൂടതെ ഓൺലൈൻ മീറ്റിംഗ് വഴി വയോജനങ്ങളുമായി സംവദിക്കുന്നുമുണ്ട്. കാക്കനാട് ആശാഭവനിലെ നഴ്‌സ് ലക്ഷ്മിപ്രിയ വസ്തുക്കൾ ഏറ്റുവാങ്ങി. ജില്ല സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി ഒപ്പമുണ്ടായിരുന്നു.