shinos-sajas
ഷിനോസ് റഹ്മാനും സജാസ് റഹ്മാനും

ആലുവ: മികച്ച ചിത്രത്തിന് ഉൾപ്പെടെ മൂന്ന് അവാർഡുകൾ നേടിയ 'വാസന്തി'യുടെ സംവിധായകരായ റഹ്മാൻ ബ്രദേഴ്സ് അപ്രതീക്ഷിതമായ നേട്ടത്തിന്റെ ആഹ്ളാദത്തിലാണ്. 'ചിത്രത്തിലെ നായിക സ്വാസികയ്ക്ക് ഏതെങ്കിലും അവാർഡ് കിട്ടണമെന്നും ആഗ്രഹിച്ചിരുന്നു. സ്വഭാവനടിക്കുള്ള അവാർഡും മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള അവാർഡും ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട് ' ഇരട്ട സംവിധായകരും സഹോദരങ്ങളുമായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും കടുങ്ങല്ലൂരിലെ വീട്ടിലിരുന്ന് 'കേരളകൗമുദി'യോട് പറഞ്ഞു.

വെസ്റ്റ് കടുങ്ങല്ലൂർ വൃന്ദാവൻ കാമ്പിലവളപ്പിൽ അബ്ദുൾ റഹ്മാന്റെ മക്കളായ ഇരുവരും വർഷങ്ങളായി കലാമേഖലയിലാണ് പ്രവർത്തിക്കുന്നത്. 2015ൽ സ്വന്തമായി നിർമ്മിച്ച് 'കളിപ്പാട്ടക്കാരൻ' എന്ന പേരിൽ സിനിമ പുറത്തിറക്കിയിരുന്നു. കൊറിയ, ഇറ്റലി, മുംബയ് എന്നിവിടങ്ങളിൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനും അനുമതി ലഭിച്ചു. രണ്ടാമത് സംവിധാനവും തിരക്കഥയും നിർവഹിച്ച സിനിമയാണ് വാസന്തി. 'പ്രേമം' സിനിമയിലെ അണിയറ പ്രവർത്തകരുമായുള്ള ബന്ധമാണ് സിനിമാ മേഖലയിൽ ചുവടുറപ്പിക്കാൻ കാരണം. 'പ്രേമം' സിനിമയിലെ നടന്മാരിലൊരാളായ സിജു വിൽസണാണ് വാസന്തിയുടെ നിർമ്മാതാവ്. കണിയാംകുന്ന് ഏലപ്പാടം റോഡിൽ അമ്പാടി വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് സിനിമ എഡിറ്റർ കൂടിയായ ഷിനോസും ഭാര്യ ജാസ്മിനും. ഡ്രാമ ആർട്ടിസ്റ്റായ സജാസും ഭാര്യ സുനിതയും തൃശൂരിലാണ് താമസം. അവാർഡ് വിവരമറിഞ്ഞ് വൈകുന്നേരത്തോടെയാണ് സജാസ് സഹോദരന്റെ വീട്ടിലെത്തിയത്. പ്രേമം ടീം ഒരുക്കിയ 'തൊബാമ' എഡിറ്റിംഗ് നിർവഹിച്ചത് ഷിനോസ് റഹ്മാനാണ്. സജാസ് അരഡസനോളം ടെലിഫിലിമുകൾ ചിത്രീകരിച്ചിട്ടുണ്ട്.

ആലുവ പട്ടേരിപ്പുറം സ്വദേശിയായ അബ്ദുൾ റഹ്മാൻ കാൽനൂറ്റാണ്ട് മുമ്പ് നടൻ സത്താറിന്റെ സ്ഥലം വാങ്ങിയാണ് വെസ്റ്റ് കടുങ്ങല്ലൂരിൽ വീട് നിർമ്മിച്ചത്. ഇരുവർക്കും ഇന്നലെ അഭിനന്ദന പ്രവാഹമായിരുന്നു. കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി ഫിലം ക്ലബ് പ്രസിഡന്റാണ് ബി.കെ. അബ്ദുൾ റഹ്മാൻ.