പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയിൽ അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സമ്മർപ്പിച്ചു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഒഫ് കേരളക്ക് വേണ്ടി കിറ്റ്‌കോയാണ് പദ്ധതി രേഖ തയ്യാറാക്കിയത്. 170. 53 കോടി രൂപയാണ് പദ്ധതി റിപ്പോർട്ട് പ്രകാരം രണ്ടാം ഘട്ടത്തിനായി വേണ്ടി വരുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. ഒന്നാം ഘട്ടത്തിന് ആവശ്യമായി വരുന്ന 30.13 കോടി രൂപ ഉൾപ്പെടെ പദ്ധതി ചെലവ് 200.66 കോടി രൂപയായി ഇതോടെ ഉയരും.6.06 ഹെക്ടർ സ്ഥലം രണ്ടാം ഘട്ട പദ്ധതിക്ക് വേണ്ടി മാത്രം ഏറ്റെടുക്കും. 2.73 കിലോമീറ്റർ ദൂരത്തിലാണ് രണ്ടാം ഘട്ട പദ്ധതി നടപ്പിലാക്കുന്നത്. ഫ്ലൈഓവർ, വലിയ പാലങ്ങൾ, അണ്ടർപാസ്, ബോക്‌സ് കലുങ്കുകൾ എന്നിവ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നിർമ്മിക്കേണ്ടി വരും. പദ്ധതി തുടങ്ങി 850 മീറ്റർ എത്തുന്ന ഭാഗത്താണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. ഒരു കിലോമീറ്റർ നീളത്തിൽ 19.5 മീറ്റർ വീതിയിലാണ് നിർമ്മാണം. 24 സ്പാനുകളിലൂടെയാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്.
ആദ്യത്തെ അണ്ടർ പാസിന് 7 മീറ്റർ നീളവും രണ്ടാമത്തെത്തിന് 25 മീറ്റർ നീളവുമുണ്ടാകും. 10 മീറ്റർ വീതിയിലാണ് രണ്ട് അണ്ടർ പാസുകളുടെയും നിർമ്മാണം.പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാം ഘട്ടതിനായി മാത്രം 170. 53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.
പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്.