sajna

തൃപ്പൂണിത്തുറ : നവമാദ്ധ്യമങ്ങൾ കണ്ണീർ തുടച്ചു. ആരോഗ്യമന്ത്രിയും ചലചിത്രതാരങ്ങളും വിവിധ സംഘടനകളും പിന്തുണയും കരുതലുമായി ഒപ്പനിന്നു. ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് കേരളത്തിന്റെ വിങ്ങലായിമാറിയ ട്രാൻസ്ജെൻഡർ സജ്ന ഷാജിക്ക് ഇനി ബിരിയാണി വില്ക്കാം. ആരെയും പേടിക്കാതെ. തന്നെയും സുഹൃത്തുക്കളെയും അപമാനിക്കുകയും ഉപജീവനമാർഗമായിരുന്ന ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് സജ്ന ഫേസ്ബുക്കിൽ ലൈവിൽ വന്നത്. സംഭവം സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് തുടർനടപടിക്ക് വേഗം കൂട്ടിയത്.

എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്‌ന അടക്കം അഞ്ച് ട്രാൻസ്‌ജെൻഡേഴ്‌സ്. മികച്ച അഭിപ്രായവുമായി നല്ല രീതിയിൽ ബിരിയാണി കച്ചവടം മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ്‌ന ഉൾപ്പെടെയുള്ളവരെ അധിക്ഷേപിച്ചും കച്ചവടം മുടക്കിയും ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതിൽ മനസ് തകർന്നാണ് സജ്ന ലൈവിൽ വന്നത്.സംഭവത്തിൽ എരൂർ സ്വദേശി ഗിരീഷിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം സജ്നയോടെ നഗരസഭ ഓഫീസിൽ എത്തുവാൻ അറിയിച്ചിട്ടുണ്ട്. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ ഇന്നലെ സജ്നയും സുഹൃത്തുക്കളും ബിരിയാണി വില്പന നടത്തി. വിഷയത്തിൽ എം.സ്വരാജ് എം.എൽ.എയടക്കം പിന്തുണയുമായി എത്തിയിരുന്നു.

സജനയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നൽകുമെന്ന് അറിയിച്ചു. സജ്നയ്ക്ക് സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെ അടിയന്തിര സാമ്പത്തിക സഹായം നൽകും.

കെ.കെ ശൈലന

മന്ത്രി